കോന്നി : ലോക് ഡൗൺ ദിവസങ്ങളിൽ വിശ്രമമില്ലാതെ കോന്നി ഫയർ സ്റ്റേഷനിലെ ജീവനക്കാരും സിവിൽ ഡിഫൻസ് വോളന്റിയേഴ്സും. ട്രൈബൽ സെറ്റിൽമെന്റ് കോളനികളിലും ദുരിതം അനുഭവിക്കുന്നവർക്കും ഭക്ഷ്യധാന്യ കിറ്റുകകളും മരുന്നുകളും എത്തിക്കുവാന്‍ പരക്കം പായുന്നതിനിടയില്‍ സ്റ്റേഷൻ പരിധിയിലെ മാർക്കറ്റുകൾ, റേഷൻ കടകൾ, പഞ്ചായത്ത് ഓഫീസ് , എ,റ്റി.എം കൌണ്ടറുകള്‍, ഇലക്ട്രിസിറ്റി ഓഫീസ് തുടങ്ങി ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കാനും ഇവര്‍ സമയം കണ്ടെത്തി. കൂടാതെ കോന്നി താലൂക്ക് ആശുപത്രി, പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൺ, പോലീസ് എയിഡ് പോസ്റ്റുകൾ, സിവിൽ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ജൂസ് വിതരണവും ചെയ്തു.
കൊവിഡ് എന്ന മഹാമാരിയും ഇതിനെ പ്രതിരോധിക്കുവാന്‍ നടപ്പിലാക്കിയ ലോക്ക് ഡൌനും ജനങ്ങളുടെ നിത്യജീവിതംതന്നെ മാറ്റിമറിച്ചു. പരസ്പരം സഹായിക്കുവാനും മറ്റുള്ളവരെ കരുതുവാനുമുള്ള ഒരു വലിയ സന്ദേശമാണ് ഈ മഹാമാരിയിലൂടെ ദൈവം മാനവരാശിക്ക് നല്‍കിയതെന്ന് ഫയർ സ്റ്റേഷനിലെ ജീവനക്കാര്‍ പറയുന്നു.