കോന്നി : അനധികൃത വഴിയോര കച്ചവടങ്ങൾക്കെതിരെ കോന്നിയിലെ വ്യാപാരികൾ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ഈ മാസം ഇരുപത്തിയേഴിന് ഉച്ചയ്ക്ക് രണ്ട് മണിവരെ കോന്നിയിലെ കടകമ്പോളങ്ങള്‍ അടച്ചിട്ടുകൊണ്ട് കോന്നി ഗ്രാമപഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോന്നിയിലെ അനധികൃത വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കണമെന്ന് കാലങ്ങളായി കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു വരികയാണ്. എന്നാല്‍ യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വഴിയോര കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് പഞ്ചായത്ത് സ്വീകരിച്ചിട്ടുള്ളത്. ഇന്ന് ഉപ്പു മുതല്‍ കര്‍പ്പൂരം വരെ തെരുവോരത്ത് വില്‍ക്കുന്നു. ഇവര്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സോ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉള്‍പ്പെടെയുള്ള ലൈസന്‍സുകളോ ആവശ്യമില്ല. വാടക, വൈദ്യുതി ചാര്‍ജ്ജ്, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കുവേണ്ടി വന്‍ തുകകളാണ് ദിവസേന ചെലവഴിക്കുന്നത്. കൂടാതെ എണ്ണിയാല്‍ ഒടുങ്ങാത്ത ലൈസന്‍സുകളും സമ്പാദിക്കണം. ഇതൊക്കെ എടുത്ത് വ്യാപാരം ചെയ്യുന്നവരെ പീഡിപ്പിക്കുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ലൈസന്‍സ് ഇല്ലാതെ തെരുവോരത്ത് ആര്‍ക്കും എന്തുവ്യാപാരവും ചെയ്യാമെങ്കില്‍ നിലവിലുള്ള ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കുവാന്‍ കോന്നി പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
കോന്നി നഗരത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള നിരവധി ആളുകളാണ് അനധികൃതമായി കച്ചവടം നടത്തുന്നത്. പഞ്ചായത്ത് നിരോധിച്ച സ്ഥലങ്ങളിൽ പോലും അനധികൃത കച്ചവടങ്ങൾ വർധിക്കുകയാണ്. വാഹനങ്ങളിൽ നടത്തുന്ന കച്ചവടങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പ്രതികരിക്കുന്നില്ല. 900 വ്യാപാരികളാണ് കോന്നി നഗരത്തിൽ ഉള്ളത്. ആയിരം രൂപ മുതൽ മുകളിലേക്ക് വലിയ തുകകൾ കോന്നി ഗ്രാമപഞ്ചായത്തിന് നികുതി അടച്ചാണ് പലരും കച്ചവടം ചെയ്യുന്നത്. കാൽനട യാത്രക്കാർക്കും റോഡരുകിലെ അനധികൃത കച്ചവടം മൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നു.
കോന്നി ഗ്രാമപഞ്ചായത്ത് ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ കോന്നിയിലെ വ്യാപാരികൾ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് അനശ്ചിതകാല സമരമാരംഭിക്കുമെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ് പ്രസിഡന്റ് അനിൽ കുമാർ, ജനറല്‍ സെക്രട്ടറി സന്തോഷ് മാത്യു, ട്രഷറര്‍ റഹ്മത്ത് ലബ്ബ, അഷറഫ് അലങ്കാര്‍, റോയി, മനേഷ്, രാജഗോപാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.