പത്തനംതിട്ട: കയറ്റുകൂലി തര്‍ക്കത്തെ തുടര്‍ന്ന് തൊഴില്‍ സ്തംഭനമുണ്ടായ കോന്നി വനം ഡിവിഷനിലെ തവളപ്പാറ തേക്ക് കുപ്പില് ലോഡിംഗ് ജോലികള്‍ ആരംഭിച്ചു. ഹൈക്കോടതി വരെ നീണ്ട കേസുകളില്‍ അന്തിമ തീര്‍പ്പ് ഉണ്ടായിട്ടില്ലെങ്കിലും കോടതി നിര്‍ദേശം പ്രകാരം യൂണിയന് നേതാക്കളും തൊഴിലുടമകളും ഒത്തു തീര്‍പ്പിലെത്തുകയായിരുന്നു. ജനുവരിയില്‍ ഉടലെടുത്ത തര്‍ക്കത്തിനാണ് പരിഹാരമുണ്ടായത്.
ജില്ലാ ലേബര്‍ ഓഫീസറുടെ ചില പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള യൂണിയനുകളുടെ ഹര്‍ജിയില്‍ ഹൈകോടതിയില്‍ കേസ് തുടരുന്നുണ്ട്. കൂലി നിരക്കിനെ സംബന്ധിച്ചുള്ള അപ്പീല്‍ അപേക്ഷയില്‍18 ന് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഇരു കൂട്ടരുടെയും വാദം കേള്‍ക്കും. തൊഴില്‍ സ്തംഭനം നീങ്ങിയതോടെ 15 കോടിയുടെ റവന്യു വരുമാനം സര്‍ക്കാര്‍ ഖജനാവിലെത്തും.