കോന്നി : കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സയൻസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സയൻഷ്യ 2024( ലാബ് അറ്റ് ഹോം) എന്ന പേരിൽ ശാസ്ത്ര പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ശാസ്ത്ര പുസ്തകങ്ങളിലെ പരീക്ഷണ സാധ്യതയുള്ള അറിവുകളുടെ പ്രയോഗമായിരുന്നു ഇതിലൂടെ കുട്ടികൾക്ക് ലഭ്യമായത്. കുട്ടികളിലെ ശാസ്ത്രബോധം വളർത്തി സമൂഹപുരോഗതിക്കായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ക്ലാസ്സ് നയിച്ച ഇല്ല്യാസ് പെരിമ്പളം, മകനും അധ്യാപകനുമായ വാരിസ് പെരിമ്പളം എന്നിവർ വിശദീകരിച്ചു.
കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനി സാബു വെള്ളമൊഴിച്ച് വിളക്ക് കൊളുത്തികൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കോന്നി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് കാലായിൽ, വാർഡംഗം കെ ജി ഉദയകുമാർ, അധ്യാപക രക്ഷാകർതൃ പ്രതിനിധികളായ എൻ അനിൽകുമാർ, എസ് ബിജോയ്, കെ പി സിന്ധു, ശ്രീലത മുൻ ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാരായ എൻ എസ് രാജേന്ദ്രകുമാർ, വർഗീസ് മാത്യു, അദ്ധ്യാപകരായ കെ എസ് അജി, കെ എസ് സൗമ്യ, മഞ്ജുഷ, ഡി വിനീജ, കെ സൗമ്യ, ജിനി എസ് കമൽ, എസ് സുഭാഷ് എന്നിവർ സംസാരിച്ചു.