മുംബൈ: ബാങ്കോക്കിലേക്കുള്ള യാത്രാ വിവരം മറച്ചുവെയ്ക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ 51കാരൻ അറസ്റ്റിൽ. ഞായറാഴ്ചയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 51കാരൻ അറസ്റ്റിലായത്. ഒരു ആഴ്ചയിലേറെ നീണ്ട ബാങ്കോക്ക് ട്രിപ്പിന്റെ വിവരങ്ങൾ മറച്ച് വയ്ക്കാനായി പാസ്പോർട്ടിലെ പേജുകൾ ഇയാൾ കീറി കളയുകയായിരുന്നു. പൂനെ സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ബാങ്കോക്കിലേക്ക് നടത്തിയ നാല് വിനോദ യാത്രയുടെ വിവരങ്ങൾ മറച്ച് വെയ്ക്കാനായിരുന്നു 51കാരന്റെ പ്രവർത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാസ്പോർട്ടിന് മനപൂർവ്വമായി കേട് വരുത്തിയതിനാണ് അറസ്റ്റ്. 1967ലെ പാസ്പോർട്ട് ആക്ട് അനുസരിച്ചാണ് വി കെ ഭലേറാവു എന്നയാളാണ് അറസ്റ്റിലായത്. ബിഎൻഎസ് 318 (എ) വിഭാഗവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇമിഗ്രേഷൻ അധികൃതർ സ്ഥിര പരിശോധനയിലാണ് 51കാരനെ തടഞ്ഞുവെയ്ക്കുന്നത്. പാസ്പോർട്ടിൽ നിന്ന് പേജുകൾ കാണാതായതിന് പിന്നാലെയായിരുന്നു ഇമിഗ്രേഷൻ അധികൃതർ ഇയാളെ തടഞ്ഞുവെച്ചത്. തായ്ലാൻഡ് യാത്രയുടെ ഇമിഗ്രേഷൻ സ്റ്റാംപുകളോട് കൂടിയ പേജുകളാണ് ഇയാൾ പാസ്പോർട്ടിൽ നിന്ന് നീക്കിയത്. ചോദ്യം ചെയ്യലിൽ പാസ്പോർട്ടിലെ പേജ് നീക്കാനുള്ള കാരണം ഇയാൾ വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇയാളെ വിംഗ് ചാർജിന് കൈമാറിയത്.