കോന്നി : ജനമൈത്രി പോലീസ് കോന്നി വി എൻ എസ് കോളേജിന്റെ സഹകരണത്തോടെ കോന്നി കെ എസ് ആർ ടി സി ബസ്റ്റാൻ്റിൽ ഫ്ലാഷ് മോബും തെരുവ് നാടകവും നടത്തി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള കേരള പോലീസിന്റെ പുതിയ പദ്ധതിയായ ‘മാലാഖ’ എന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
കോന്നി പോലീസ് സർക്കിൾ ഇൻസ്പക്ടർ എസ് അഷാദ്, ജനമൈത്രി ബീറ്റ് ഓഫീസർ സുബീക്ക് റഹീം, ജയശ്രീ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലർത്തുന്ന രക്ഷകർത്താക്കൾ, അദ്ധ്യാപകർ, ബന്ധുക്കൾ, പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് ബോധവത്കരണം നടത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. മാർച്ച് 31 വരെ നീണ്ടുനിൽക്കുന്നതാണ് പരിപാടികൾ. കുട്ടികൾക്ക് നേരേയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സന്ദേശങ്ങൾ പതിച്ച വാവ എക്സ് പ്രസ്സ് എന്ന പേരിലുള്ള പ്രചരണ വാഹനം സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും.
ഇതിനുപുറമേ ഘോഷയാത്രകൾ, സാംസ്കാരിക പരിപാടികൾ, നാടകങ്ങൾ, തെരുവ് നാടകങ്ങൾ, പൊതുപരിപാടികൾ, പോലീസിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന പൊതുജന അവബോധ പരിപാടികൾ എന്നിവയും നടത്തും. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ അവബോധം നൽകുന്നതിനാണ് കേരള പോലീസ് ഇതിലൂടെ ശ്രമിക്കുന്നത്.