കോന്നി : അനധികൃതമായി കുന്നിടിച്ചു പച്ചമണ്ണ് കടത്തുവാനുള്ള ശ്രമം തടഞ്ഞു. കലഞ്ഞൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പെട്ട മ്ലാന്തടം താന്നിമൂട് ഭാഗത്താണ് ക്വാറിമുതലാളിയുടെ നേതൃത്വത്തിൽ ഒരേക്കറോളം വരുന്ന കുന്ന് ജെ സി ബി യും മറ്റും ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.
കുന്നിൻ്റെ താഴെയുള്ള രണ്ടുവീടുകളുടെ സമീപത്തേക്കാണ് മണ്ണിടിച്ചിട്ടിരിക്കുന്നത്. ശക്തമായ മഴയുണ്ടായാൽ മണ്ണിടിഞ്ഞ് വീട്ടിലേക്ക് പതിക്കുമെന്ന സാഹചര്യത്തിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടിൽ ചർച്ചയായതോടെയാണ് കൂടൽ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ഉത്തരവ് നൽകിയത്. കൂടൽ പോലീസ് സ്റ്റേഷന്റെയും കൂടൽ വില്ലേജ് ഓഫീസിന്റെയും അടുത്ത് വലിയ തോതിൽ കുന്നിടിച്ചു നിരത്തിയിട്ടും അധികൃതർ ചെറുവിരൽ പോലുമനക്കാതെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് കുട പിടിക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.