കോന്നി : കോന്നി കെ.എസ്.ആര്‍.റ്റി.സി. ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ നിന്നും കോട്ടയത്തേക്കുള്ള ബസ് സര്‍വീസ് നിലച്ചത് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. കോന്നി ഡിപ്പോയിലെ ബസുകളുടെ കുറവാണ് സര്‍വീസ് നിലയ്ക്കുവാന്‍ പ്രധാന കാരണമായി കെ.എസ്.ആര്‍.റ്റി.സി. അധികൃതര്‍ പറയുന്നത്. രാവിലെ 6.10 നും 7.10 നും രണ്ട് ബസുകളായിരുന്നു കോന്നിയില്‍ നിന്നും കോട്ടയത്തേക്ക് സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ 6.10 നുള്ള ബസ് സര്‍വീസ് നിലച്ചിട്ട് ഏറെക്കാലമായി. കോന്നി ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ ആവശ്യത്തിനുള്ള ബസുകളില്ലാത്തതാണ് സര്‍വീസ് മുടങ്ങുന്നതിന് പ്രധാന കാരണമെന്ന് അധികൃതര്‍ പറയുമ്പോഴും പുതിയ ബസുകള്‍ എത്തിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണത്തില്‍ കുറവുവരുമ്പോള്‍ നിലവില്‍ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുമാണ് ബസുകള്‍ എത്തിക്കുന്നത്.
പുലര്‍ച്ചെയുള്ള കോന്നി – കോട്ടയം ഓര്‍ഡിനറി ബസ് സര്‍വീസ് മുടങ്ങിയതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകുന്ന രോഗികളുള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടിലായി. കോട്ടയം, തിരുവല്ല ഭാഗങ്ങളില്‍ ജോലിക്ക് പോകുന്ന നിരവധി ആളുകള്‍ കോന്നിയിലെ വിവിധ സ്ഥലങ്ങളിലുണ്ട്. രാവിലെ 6.10 നുള്ള ബസിലായിരുന്നു ഇവര്‍ സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഈ ബസ് സര്‍വീസ് നിലച്ചതോടെ യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. പുതിയ ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോന്നി ഓപ്പറേറ്റിംഗ് സ്റ്റേഷന്‍ അധികൃതര്‍ കെ.എസ്.ആര്‍.റ്റി.സി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ വിഷത്തില്‍ ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ല.




























