കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വയോധികയ്ക്ക് ചികിത്സ ലഭിക്കാത്തതായി പരാതി. ഡോക്ടർമാരില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്നാണ് പരാതി. തുടയെല്ല് പൊട്ടിയ വയോധികയ്ക്ക് 10 ദിവസത്തോളം ആശുപത്രിയിൽ തുടരേണ്ടി വന്നുയെന്നും പറയുന്നു. ഓപ്പറേഷനായി തീയറ്ററിൽ കയറ്റി മണിക്കൂറുകൾക്ക് ശേഷം ഡോക്ടറില്ല എന്ന് പറഞ്ഞ് അവരെ തിരിച്ചയയ്ക്കുകയായിരുന്നു. ഉള്ളിയേരി സ്വദേശിനി ദേവിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. എക്സ് റേ എടുത്തശേഷം എല്ലിന് പൊട്ടലില്ലെന്ന് പറഞ്ഞ് വാർഡിലേക്ക് വിടുകയായിരുന്നു. വാർഡിൽ എത്തിയപ്പോൾ ഡോക്ടർ എല്ലിന് പൊട്ടലുണ്ടെന്ന് മാറ്റി പറയുകയും ചെയ്തു. തുടർന്ന് ദിവസങ്ങൾക്ക് ശേഷം അടുത്ത ദിവസം ശസ്ത്രക്രിയ നടത്താനായി തലേന്ന് വൈകിട്ട് മുതൽ ഭക്ഷണം കൊടുക്കരുത് എന്ന് ബന്ധുക്കളോട് പറഞ്ഞു.
എന്നാൽ ഓപ്പറേഷന് കയറ്റിയ ശേഷം ഡോക്ടർ ഇല്ലാത്തതിനാൽ അടിയന്തര സ്വഭാവത്തിലുള്ള ശസ്ത്രക്രിയകൾ മാത്രമേ ചെയ്യൂ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. അടുത്ത ദിവസവും ശസ്ത്രക്രിയ ചെയ്യാം എന്ന് പറഞ്ഞെങ്കിലും വീണ്ടും മാറ്റിവച്ചു. എല്ലു പൊട്ടൽ പോലെ ചെറിയ പ്രശ്നങ്ങൾക്ക് അടിയന്തര ശസ്ത്രക്രിയ ചെയ്യാനാകില്ല എന്നായിരുന്നു അധികൃതരുടെ പ്രതികരണമെന്നും രോഗിയുടെ ബന്ധുക്കൾ പറഞ്ഞു.




























