കോന്നി : വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന കെഎസ്ആർറ്റിസി ബസ് സർവീസ് പുനരാരംഭിച്ചപ്പോൾ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയതിനിടെ സമര സമിതി ചെയർമാൻ ജയകൃഷ്ണൻ തണ്ണിത്തോട് അടക്കമുള്ളവരെ ആക്രമിച്ചതായി പരാതി. ഇന്നാണ് രണ്ട് കെ എസ് ആർ റ്റി സി ബസുകൾ കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ് കുമാർ കോന്നി കെഎസ്ആർറ്റിസി ഡിപ്പോയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത് തണ്ണിത്തോട്ടിലേക്ക് സർവീസ് ആരംഭിച്ചത്. ബസിന് സമര സമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചാങ്കൂർ മുക്കിൽ സ്വീകരണം നൽകുന്നതിനിടെ ആയിരുന്നു സംഘർഷം.
സമരസമിതിയുടെ ആളുകൾ സ്വീകരണം നൽകുവാൻ ബസ് നിർത്തുവാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ബസ് നിർത്തിയില്ല. തുടർന്ന് ബസിന് മുന്നിലേക്ക് കയറി നിന്ന് ബസ് നിർത്തി സ്വീകരണം നൽകുന്നതിനിടെ എംഎൽഎയും ചിറ്റാർ, കലഞ്ഞൂർ, കോന്നി ഭാഗങ്ങളിൽ നിന്നും എത്തിയ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് സമരസമിതി പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിൽ സമരസമിതി ചെയർമാൻ ജയകൃഷ്ണനെ ഇവർ മർദിക്കുകയും ചെയ്തു. ജനകീയ സമരത്തെ തുടർന്ന് എത്തിയ കെഎസ്ആർറ്റിസി സർവീസ് എംഎൽഎയുടെ പ്രവർത്തന ഫലമായി കൊണ്ടുവന്നു എന്ന് വരുത്തിതീർക്കാൻ നടത്തിയ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ജനകീയ കൂട്ടായ്മയുടെ ആരോപണം. വിഷയത്തിൽ തണ്ണിതോട്ടിൽ പ്രതിഷേധ യോഗം ചേരുമെന്നും സമര സമിതി അറിയിച്ചു.