പത്തനംതിട്ട : ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍ മുന്നിട്ട് നില്‍ക്കുന്നു. യുഡിഎഫിലെ റോബിന്‍ പീറ്ററെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് 1103 വോട്ടിനാണ് കെയു ജനീഷ് കുമാര്‍ മുന്നിലുള്ളത്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ മൂന്നാമതാണ്. ഒരു ഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിന് 421 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് കെയു ജനീഷ് കുമാര്‍ ലീഡ് തിരികെ പിടിച്ചു.
2019 ലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചതോടെയാണ് കോന്നി മണ്ഡലം സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ കൂടുതല്‍ ശ്രദ്ധേയമവുന്നത്. 1996 മുതല്‍ അടൂര്‍ പ്രകാശിലൂടെ കോണ്‍ഗ്രസ് കുത്തകയാക്കി വെച്ചിരുന്ന മണ്ഡലം പിടിച്ചെടുത്തതാണ് ഇടത് വിജയത്തിന്റെ തിളക്കമേറ്റിയത്. കോണ്‍ഗ്രസിലെ പി മോഹന്‍രാജിനെതിരെ 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ കെ.യു ജനീഷ് കുമാര്‍ വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒപ്പം ബിജെപിക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കോന്നി.