കോന്നി: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഏപ്രില്‍ 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വീണ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി തോമസ്, പ്രമോദ് നാരായണ്‍ എന്നിവര്‍ പങ്കെടുക്കും. കോന്നി മെഡിക്കല്‍ കോളജിനെ സംബന്ധിച്ച് മറ്റൊരു സുപ്രധാന ദിനമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
40 കോടി രൂപ ചെലവഴിച്ചാണ് 4 നിലകളുള്ള അക്കാഡമിക് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കിയ അക്കാദമിക് ബ്ലോക്കില്‍ ഗ്രൗണ്ട് ഫ്ളോറില്‍ അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, 150 സീറ്റുകളുള്ള ഗാലറി ടൈപ്പ് ലക്ചര്‍ തിയറ്റര്‍ എന്നിവ സജ്ജീകരിച്ചു. 100 വിദ്യാര്‍ഥികളുടെ പഠനത്തിനാവശ്യമായ വിപുലമായ സംവിധാനങ്ങളോടെയാണ് അക്കാഡമിക് ബ്ലോക്ക് സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.





























