കോന്നി : കോന്നി മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിന്റെ ഭാഗമായി കിടക്കകൾ എത്തിച്ചു തുടങ്ങി. ഫെബ്രുവരി എട്ടിന് രാവിലെ 10.30 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ മെഡിക്കൽ കോളേജിൽ നേരിട്ടെത്തി കിടത്തി ചികിത്സ ഉത്‌ഘാടനം ചെയ്യും.
നൂറ് കിടക്കകളാണ് ആദ്യ ഘട്ടത്തിൽ ഉത്‌ഘാടനം ചെയ്യപ്പെടുന്നത്. രണ്ട് വാർഡുകളിലായാണ് നൂറ് കിടക്കകൾ സജീകരിക്കുക. ഐ പി ക്കുള്ള ഉപകരണങ്ങളും എത്തിക്കാനുണ്ട്. ബെഡ് പില്ലോകളും എത്തി തുടങ്ങിയിട്ടുണ്ട്. ഫർണീച്ചറുകളും ഉപകരണങ്ങളും എത്താനുണ്ട്. ഐ പി ക്കുള്ള എല്ലാ സംവിധാനങ്ങളും സജീകരിക്കുന്നുണ്ട്. ഇതിനുള്ള നടപടികളും പൂർത്തിയായി. ഈ മാസം അവസാനത്തോടെ ഉപകരണങ്ങൾ പൂർണ്ണമായി എത്തുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
ഒന്നാം നിലയിലാണ് കിടത്തി ചികിത്സ സജ്ജീകരിക്കുന്നത്. മൈനർ ഓപ്പറേഷൻ തീയേറ്ററിനും ശുപാർശ നൽകിയിട്ടുണ്ട്. ആവശ്യമായ എല്ലാ മരുന്നുകളും എത്തിയിട്ടുണ്ട്. ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ഉടൻ നിയമിക്കും. 286 തസ്തികകളാണ് ഇപ്പോഴുള്ളത്. കിഫ്‌ബി പദ്ധതിയിൽ നിന്നും അനുവദിച്ചിട്ടുള്ള 241 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഫെബ്രുവരി അവസാനം തറക്കലിട്ട് നിർമ്മാണം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.