കോന്നി : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് പരിശോധനയും ചികിത്സയും നാളെ (26) മുതല്‍ ആരംഭിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. വിപുലമായ സൗകര്യങ്ങളോടെയാണ് ചികിത്സ ആരംഭിക്കുന്നത്. ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളാണ് ആരംഭിക്കുന്നത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവായി കാണുന്നവരില്‍ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മെഡിക്കല്‍ കോളജില്‍ തന്നെ പ്രവേശിപ്പിക്കും.
രണ്ടു ഘട്ടങ്ങളിലായി 240 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ തയ്യാറാകുന്നത്. എല്ലാ കിടക്കകളിലും ഓക്‌സിജന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവര്‍ക്ക് ഭക്ഷണവും മെഡിക്കല്‍ കോളജില്‍ തന്നെ ലഭ്യമാക്കും. അരുവാപ്പുലം ഗ്രാമ പഞ്ചായത്താണ് ഭക്ഷണം നല്കുന്നത്. ജീവനക്കാര്‍ ആശുപത്രിയില്‍ താമസിച്ചാണ് ചികിത്സ നടത്തുന്നത്. ജീവനക്കാര്‍ക്കായി എട്ടു മുറികള്‍ മാറ്റി വച്ചിട്ടുണ്ട്.
കോവിഡ് മൂന്നാം തരംഗം ഉണ്ടായാലും നേരിടാനുള്ള ഒരുക്കങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ മെഡിക്കല്‍ കോളജ് കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.