കോന്നി: മലയോര ജില്ലയുടെ ചികിത്സാ തലസ്‌ഥാനമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴും കുടിവെള്ള പദ്ധതിയുടെ കമ്മീഷനിംഗ് വൈകുന്നു. ട്രയല്‍ റണ്‍ പരാജയപ്പെട്ട പദ്ധതി മെഡിക്കല്‍ കോളജ് ഉദ്‌ഘാടനത്തിന് മുമ്പ് തന്നെ കമ്മീഷന്‍ ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് പദ്ധതി കമ്മിഷന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
സെപ്‌തംബറില്‍ ട്രയല്‍ റണ്ണിനിടെ പ്രധാന പൈപ്പ് ലൈന്‍ പൊട്ടി നാശനഷ്‌ടം സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള അറ്റകുറ്റപ്പണികളാണ് നടന്നുവരുന്നത്. ഒരേക്കര്‍ സ്‌ഥലത്ത് അഞ്ച് ദശലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണ ശാലയാണ് നിര്‍മിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജ് ഒ.പിയിലേക്ക് താല്‍ക്കാലിക പൈപ്പ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. പദ്ധതി യാഥാര്‍ഥ്യമായാല്‍ അരുവാപ്പുലം പഞ്ചായത്തിലെ നിരവധി കുടുംബങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
മെഡിക്കല്‍ കോളജില്‍നിന്നു നാലര കിലോമീറ്റര്‍ അകലെയുള്ള ഐരവണ്‍ മട്ടത്തു കടവില്‍ നിര്‍മിച്ചിട്ടുള്ള ആറു മീറ്റര്‍ വ്യാസമുള്ള കിണറ്റില്‍ നിന്നാണ് മെഡിക്കല്‍ കോളജിലേക്കാവശ്യമായ ജലം ശേഖരിക്കേണ്ടത്. ഇവിടെനിന്ന് പമ്പ് ചെയ്യുന്ന ജലം 300 എം.എം. ഡി.ഐ. പൈപ്പ് വഴി മെഡിക്കല്‍ കോളേജില്‍ സ്‌ഥാപിച്ചിട്ടുള്ള അഞ്ചു ദശലക്ഷം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണ ശാലയില്‍ എത്തിക്കണം. ശുദ്ധീകരണ പ്രക്രിയ പൂര്‍ത്തീകരിക്കുന്ന ജലം ഏഴ് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതലസംഭരണിയില്‍ ശേഖരിക്കും. അവിടെ നിന്ന് 15 എച്ച്.പി മോട്ടര്‍ ഉപയോഗിച്ച് മുകളിലുള്ള 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയിലേക്ക് എത്തിക്കും. ഈ ജലസംഭരണിയില്‍ നിന്നാണ് 350 മീറ്റര്‍ ദൂരത്തിലുള്ള മെഡിക്കല്‍ കോളേജിന്റെ ഉപരിതല ജലസംഭരണിയിലേക്ക് 200 എം.എം ഡി.ഐ.പൈപ്പ് ഉപയോഗിച്ച് ജലം എത്തിക്കേണ്ടത്.
കിണര്‍, പമ്പ് ഹൗസ്, പമ്പിങ് മെയിന്‍ എന്നിവയുടെ നിര്‍മാണത്തിന് 3.99 കോടി രൂപയ്‌ക്കാണ് കരാര്‍ നല്‌കിയിരിക്കുന്നത്. ശുദ്ധീകരണശാല, സംഭരണികള്‍ എന്നിവയ്‌ക്ക് 5.88 കോടിയുടെയും, ബില്‍ഡിങ്, മോട്ടോര്‍, ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയ്‌ക്ക് 1.158 കോടിയുടെയും വിതരണ പൈപ്പിന് 14 ലക്ഷം രൂപയുടെയും വൈദ്യുതീകരണത്തിന് 86.25 ലക്ഷത്തിന്റെയും കരാറായിരുന്നു നല്‌കിയിരുന്നത്. ഇതനുസരിച്ചുള്ള നിര്‍മാണമാണ് നടക്കുന്നത്.