പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വിദ്യാർത്ഥി പ്രവേശനത്തിന് അനുമതി നിഷേധിച്ച ദേശീയ മെഡിക്കൽ കമ്മീഷന്റെ തീരുമാനത്തിന് ജില്ലയിൽ നിന്നുള്ള ആരോഗ്യ മന്ത്രിയും സ്ഥലം എം.എൽ.എ യും ഉത്തരം പറയണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
യു.ഡി.എഫ് സർക്കാരിന്റ കാലത്ത് പത്ത് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച് 2016-ൽ അംഗീകാരം ലഭിച്ച് രണ്ട് വർഷം മുമ്പ് ഇപ്പോഴത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മെഡിക്കൽ കോളജിൽ ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിച്ച കിടക്കകൾ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിലും മതിയായ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരെ നിയമിക്കുന്നതിലും സർക്കാരിന്റെ ഭാഗത്തു നിന്നും തികഞ്ഞ അലംഭാവമാണ് ഉണ്ടായിട്ടുള്ളത്.
മലയോര പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ജനങ്ങള്‍ക്ക് ചികിത്സക്ക് അഭയവും പ്രയോജനപ്രദവുമാകേണ്ട കോന്നി മെഡിക്കൽ കോളേജിന്റെ ശോചനീയവസ്ഥക്ക് കാരണം സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും ആരോഗ്യ മന്ത്രിയുടേയും സ്ഥലം എം.എൽ.എയുടെ ഉത്തരവാദിത്വക്കുറവുമാണെന്നും ഇവർ ജനങ്ങളോട് മാപ്പ് പറയണമെന്നും സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
നിരന്തരം പ്രഖ്യാപനങ്ങളും ഉദ്ഘാടന മാമാങ്കങ്ങളും നടത്താതെ കോന്നി മെഡിക്കൽ കോളജിൽ യുദ്ധകാല അടിസ്ഥാനത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വിദ്യാർത്ഥി പ്രവേശനത്തിന് എത്രയും വേഗം അനുമതി ലഭ്യമാക്കുവാൻ ആരോഗ്യ മന്ത്രിയും സ്ഥലം എം.എൽ.എയും നടപടി സ്വീകരിക്കണം. സർക്കാർ അനാസ്ഥക്കെതിരെ യു.ഡി.എഫ് ഉം കോൺഗ്രസും ആരംഭിച്ചിരിക്കുന്ന സമരം ന്യായമാണെന്ന് മെഡിക്കൽ കമ്മീഷൻ തീരുമാനം വ്യക്തമാക്കുന്നുവെന്നും സമരം കൂടുതൽ ശക്തമായി തുടരുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.