കോന്നി : കോന്നി മെഡിക്കല്‍ കോളജ് കാണാനായി സന്ദര്‍ശക തിരക്കേറുന്നു. സെപ്റ്റംബര്‍ 14 ന് ഉദ്ഘാടനം പ്രഖ്യാപിച്ചതോടെ മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കാന്‍ നിരവധിയാളുകളാണ് എത്തുന്നത്. മെഡിക്കല്‍ കോളജില്‍ ക്ലീനിംഗ് ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശനത്തിന് നിയന്ത്രണമുണ്ട്.
എങ്കില്‍ തന്നെ മെഡിക്കല്‍ കോളജ് മന്ദിരം കാണുക എന്ന ഉദ്ദേശത്തോടെയാണ് ആളുകള്‍ എത്തുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കുടുംബമായി തന്നെയാണ് പലരും എത്തുന്നത്.
മെഡിക്കല്‍ കോളജിന്റെ പശ്ചാത്തലത്തില്‍ ചിത്രവുമെടുത്താണ് എല്ലാവരും മടങ്ങുന്നത്. മെഡിക്കല്‍ കോളജിലേക്കു വരുന്ന നാലുവരി പാതയും ഫോട്ടോ ചിത്രീകരിക്കാനെത്തുന്നവരുടെ ഇഷ്ട ലൊക്കേഷനാണ്. ഉദ്ഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചു നില്‍ക്കുന്ന എംഎല്‍എയെ കണ്ട് സന്തോഷവും പങ്കിട്ടാണ് പലരും മടങ്ങുന്നത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ കെട്ടിട സമുച്ചയം കാണാന്‍ ജില്ലയുടെ പല ഭാഗത്തു നിന്നും ആളുകള്‍ വരുന്നുണ്ടെന്ന് നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൊജക്ട് മാനേജര്‍ അജയകുമാര്‍ പറഞ്ഞു. ഉദ്ഘാടന ദിവസം കോവിഡ് മാനദണ്ഡപ്രകാരം സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ നേരത്തെ തന്നെ ആശുപത്രി സമുച്ചയം കാണുക എന്ന ലക്ഷ്യവും സന്ദര്‍ശകര്‍ക്കുണ്ട്.