കോന്നി : ഈ ശബരിമല മണ്ഡലകാലത്ത് കോന്നി മെഡിക്കൽ കോളേജ് ശബരിമല ബേസ് ആശുപത്രിയായി പ്രവർത്തിക്കും. പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിൽ ആയിരുന്നു എല്ലാവർഷവും ശബരിമല വാർഡ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഈ തവണ ജനറൽ ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആണ് കോന്നി മെഡിക്കൽ കോളേജ് ആശുപത്രി ശബരിമല ബേസ് ആശുപത്രിയാക്കി മാറ്റിയത്. ശബരിമല വാർഡ് പ്രവർത്തനം മെച്ചപെടുത്തുന്നതിനായി മുപ്പത് കിടക്കകൾ അടങ്ങുന്ന വാർഡാണ് ക്രമീകരിച്ചിരിക്കുന്നത്. പുതിയതായി 14 ഡോക്ടർമാരെയും നിയമിച്ചു കഴിഞ്ഞു. ഐ സി യൂ വിൽ മൂന്ന് കിടക്കകൾ അയ്യപ്പ ഭക്തർക്കായി ഒഴിച്ചിട്ടിട്ടുണ്ട്. രണ്ട് വെന്റിലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. ശബരിമല വാർഡിന്റെ നോഡൽ ഓഫീസർമാരായി ഡോ. തോമസ്, ഡോ. ഗിരീഷ് എന്നിവരെ ചുമതലപ്പെടുത്തി. ക്യാഷ്യാലിറ്റികളിൽ ജൂനിയർ ഡോക്ടർമാരും ചില പ്രത്യേക ഡിപ്പാർട്ട്മെന്റ്കളിൽ സീനിയർ ഡോക്ടർമാരെയും നിയമിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.
സ്പെഷ്യൽ ഡ്യൂട്ടിക്ക് എത്തിയ ഡോക്ടർമാർക്ക് കോളേജ് ഹോസ്റ്റലിൽ ആണ് താമസം ക്രമീകരിച്ചിരിക്കുന്നത്. പാരാ മെഡിക്കൽ സ്റ്റാഫ്, സ്റ്റാഫ് നഴ്‌സ്മാർ എന്നിവരെ അധികമായി നിയമിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. 108 ആംബുലൻസിന്റെ സേവനവും 24 മണിക്കൂറും ആവശ്യമാണ്. ഇപ്പോൾ പകൽ മാത്രമാണ് 108 ആംബുലൻസ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ് ആംബുലൻസിന്റെ പ്രവർത്തനവും കാര്യക്ഷമമല്ല എന്ന് പരാതിയുണ്ട്. അപകടങ്ങൾ, ഹൃദയാഘാദം ഉൾപ്പെടെ ഉണ്ടാകുന്ന അയ്യപ്പ ഭക്തരെ ആണ് പ്രധാനമായും ശബരിമല വാർഡിലേക്ക് എത്തിക്കുക. തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ കോന്നി വഴിയാണ് ഏറ്റവും കൂടുതൽ സഞ്ചരിക്കുന്നത്. ശബരിമല തീർഥാടന കാലത്തെ ആതുര സേവനം കുറ്റമറ്റതാക്കാൻ ഉള്ള എല്ലാ സജീകരണങ്ങളും ഒരുക്കിയിരിക്കുകയാണ് കോന്നി മെഡിക്കൽ കോളേജ് അധികൃതർ.