കോന്നി : കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടന ദിവസം ജനറല്‍ മെഡിസിന്‍ ഒപി മാത്രമാണ് പ്രവര്‍ത്തിക്കുക. ഏഴ് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് തുടര്‍ന്ന് പ്രവര്‍ത്തിക്കുക. തിങ്കളാഴ്ച ദിവസം ജനറല്‍ മെഡിസിനും, ചൊവ്വാഴ്ച ജനറല്‍ സര്‍ജറിയും, ബുധനാഴ്ച ശിശുരോഗ വിഭാഗവും, വ്യാഴാഴ്ച അസ്ഥിരോഗ വിഭാഗവും, വെള്ളിയാഴ്ച ഇഎന്‍ടിയും, ശനിയാഴ്ച ഒഫ്ത്താല്‍മോളജി, ഡെന്റല്‍ ഒപിയും പ്രവര്‍ത്തിക്കും.
ആദ്യഘട്ടത്തില്‍ ലോക്കല്‍ ഒപി മാത്രമായാണ് പ്രവര്‍ത്തിക്കുകയെന്ന് കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. റഫറല്‍ ആശുപത്രിയായി പ്രഖ്യാപിക്കുന്നതു വരെ എല്ലാവര്‍ക്കും ഒപിയില്‍ പരിശോധന ഉണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം കോന്നി മെഡിക്കൽ കോളേജിൽ 75 ലക്ഷം രൂപയുടെ മരുന്നുകള്‍ എത്തിച്ചു
കോന്നി മെഡിക്കല്‍ കോളേജില്‍ 75 ലക്ഷം രൂപയുടെ മരുന്നുകള്‍ എത്തിച്ചു. ഇത് സ്റ്റോക്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം ഫാര്‍മസിസ്റ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
ഒപിയില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കും. ഫാര്‍മസി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് എസ്. സജിത്കുമാര്‍ അറിയിച്ചു. കോന്നി മെഡിക്കല്‍ കോളേജ് ഒപി പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പായി ഫാര്‍മസി ശീതീകരിക്കും. ഇതിനാവശ്യമായ എയര്‍ കണ്ടീഷണര്‍ എത്തിച്ച് സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു.