കോന്നി : കോന്നി എംഎൽഎ കെ യു ജെനീഷ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്നലെ വൈകുന്നേരം 5.30ന് പുളിമുക്ക് വേണാട് ജംഗ്ഷനിലായിരുന്നു അപകടം. കാറില്‍ എം.എല്‍.എ ഉണ്ടായിരുന്നില്ല. കുമ്പഴ ഭാഗത്ത് നിന്നും കോന്നിയിലേക്ക് പോയ വാഹനം തൊഴിലുറപ്പ് ജോലികഴിഞ്ഞ് എത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞ് കയറിയതിനു ശേഷം വേണാട് ഗ്യാരേജിന് ഉള്ളിലേക്ക് കടന്ന് അവിടെ കിടന്ന കാറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
ഒരു തൊഴിൽ ഉറപ്പ് തൊഴിലാളിയുടെ കൈക്ക് പരിക്കേറ്റു. എം.എല്‍.എയുടെ കാറില്‍ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഡ്രൈവര്‍ക്ക് പരിക്കില്ല, എന്നാല്‍ എം.എല്‍.എയുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വേണാട് ഗാരേജില്‍ കിടന്ന കാറിന്റെയും ഒരുവശം തകര്‍ന്നു. പെട്ടെന്ന് ഇരു വാഹനങ്ങളും സംഭവസ്ഥലത്തുനിന്നും മാറ്റി. ഇരുകൂട്ടര്‍ക്കും പരാതിയുമില്ല. അപകട വിവരം മറച്ചുവെക്കാൻ ശ്രമിച്ചതായി പരാതി ഉയരുന്നുണ്ട്. അപകടത്തിനുശേഷം എംഎൽഎയോ ഇതുമായി ബന്ധപ്പെട്ടവരോ തങ്ങളെ ബന്ധപ്പെടുകയോ പരിക്കുകളെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ തൊഴിലുറപ്പ് അംഗങ്ങൾ പരാതി പറഞ്ഞു.