കോന്നി : കോന്നി എം എൽ എ ഭീഷണിപ്പെടുത്തിയാലും വന സംരക്ഷണം തുടരുമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു. നടുവത്തുമൂഴി റേഞ്ചിൽ പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കുളത്തുമൺ ഭാഗത്ത് കൈതത്തോട്ടത്തിന്റെ സംരക്ഷണത്തിനായി നിർമ്മിച്ച വേലിയില്‍ സൗരോർജ്ജ വൈദ്യുതിക്ക് പകരമായി മറ്റ് ശക്തമായ വൈദ്യുതി നേരിട്ട് നൽകിയതിനെത്തുടര്‍ന്നാണ് കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞതെന്ന് സംശയിക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി തോട്ടം പരിചരണക്കാരന്റെ കൂട്ടാളിയെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. കോന്നി എംഎൽഎയും മറ്റുചിലരും ചേർന്ന് പോലീസിന്റെ സാന്നിധ്യത്തിലാണ് ഇയാളെ വിളിച്ചിറക്കി കൊണ്ടുപോയത്. നടുവത്തുമൂഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറെയും പാടം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകളെയും കോന്നി ഡി.വൈ.എസ്.പി യുടെ സാന്നിധ്യത്തിൽ എം.എല്‍.എ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു. ഈ വിഷയത്തിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും സംഘടന പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
കൈതച്ചക്ക കൃഷി വ്യാപകമായി നടത്തുന്ന കോന്നി കല്ലേലി അടക്കമുള്ള ഭാഗങ്ങളിൽ മുമ്പെങ്ങുമില്ലാത്തവിധം കാട്ടാനയുടെ സാന്നിധ്യം കൂടുതലാണ്. ഈ സാഹചര്യത്തിൽ കാട്ടാനകളെ ജനവാസ മേഖലയിൽ നിന്നും തുരത്തുന്നതിന് വനം വകുപ്പ് ജീവനക്കാർ രാപ്പകൽ ഭേദമന്യേ ശ്രമകരമായ ദൗത്യമാണ് ഈ മേഖലയിൽ നടത്തിവരുന്നത്. മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെ ജനവാസ മേഖലയിൽ ഇത്തരം വൈദ്യുതവേലി സ്ഥാപിക്കുന്നത് മൂലം പൊതുജനങ്ങൾക്കും കുട്ടികൾക്കും അപകട സാധ്യത കൂടുതലാണെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു.