കോന്നി : കോന്നി ഗ്രാമപഞ്ചായത്തംഗത്തിന് നേരേ ബി ജെ പി കയ്യേറ്റ ശ്രമം. കോന്നി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് അംഗവും സി പി ഐ ജനപ്രതിനിധിയുമായ ജോയ്സ് എബ്രഹാമിന് നേരേയാണ് ചെങ്ങറ നാടുകാണി അംഗൻവാടിയിൽ വെച്ച് കയ്യേറ്റ ശ്രമമുണ്ടായത്.
പഞ്ചായത്ത് വെൽഫെയർ കമ്മറ്റിയുടെ തീരുമാനപ്രകാരം ബ്ലോക്കിൽ നിന്നും ജോലിയിൽ പ്രവേശിക്കാൻ അംഗൻവാടി ഹെൽപ്പർക്കൊപ്പം എത്തിയപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. ഇതിനിടയിൽ ഓട്ടോയിൽ കയറി പോകാൻ ഒരുങ്ങിയ ഗ്രാമപഞ്ചായത്തംഗത്തെ കയ്യേറ്റക്കാർ വലിച്ച് താഴെയിടുകയും ചെയ്തു. സംഭവത്തിൽ ജോയ്സ് എബ്രഹാമിന്റെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോന്നി, മലയാലപ്പുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നിരന്തരം അപവാദ പ്രചരണം നടത്തുന്നവർ തന്നെയാണ് ഇതിന് പിന്നിലുള്ളതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സി പി ഐ കോന്നി ലോക്കൽ കമ്മറ്റി അറിയിച്ചു. തുടർന്ന് ചേർന്ന എൽ ഡി എഫ് പ്രതിഷേധ യോഗത്തിൽ സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി എ ദീപകുമാർ, സി പി ഐ എം ലോക്കൽ കമ്മറ്റിയംഗം കെ പി ശിവദാസ്, സി പി ഐ എം കോന്നി താഴം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ കെ വിജയൻ, അനിൽ ചെങ്ങറ തുടങ്ങിയവർ പങ്കെടുത്തു.