കോന്നി : കോന്നി നിയോജക മണ്ഡലത്തിൽ ഇനി പാറമടകൾ അനുവദിക്കുകയില്ലെന്ന് കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. കൂടൽ രാക്ഷസൻ പാറയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കൂടൽ കണ്ണാടി സാംസ്കാരിക സമിതിയുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച ശിലോത്സവം 2020 ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറമടയുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ വിദഗ്ധ അഭിഭാഷകരുമായി കൂടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രമുറങ്ങുന്ന രാക്ഷസൻ പാറയെ സംരക്ഷിക്കുവാൻ നമുക്ക് കഴിയണമെന്നും പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നമുക്ക് വേണ്ടെന്നും സി പി ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ പറഞ്ഞു. കൂടൽ ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മുന്‍ പ്രസിഡന്റ് പി മോഹൻരാജ്, ജില്ലാ പഞ്ചായത്തംഗം ബിനിലാൽ, സന്തോഷ് കൊല്ലൻപടി, അജിത് എസ്, അനീഷ് ബർസോം, ഗ്രാമപഞ്ചായത്തംഗം ആശ തുടങ്ങിയവർ പങ്കെടുത്തു. രാക്ഷസൻപാറയുടെ മുകളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗോപകുമാർ തെങ്ങമത്തിന്റെ നേതൃത്വത്തിൽ കവിയരങ്ങ്, വിനോദ് ഇളകൊള്ളൂരിന്റെ നേതൃത്വത്തിൽ കഥ പറച്ചിൽ, മാസ്റ്റർ കാളിദാസന്റെ മൃദംഗ വാദനം എന്നിവയും നടന്നു. നിസ്വാർത്ഥ സേവനത്തിന് ജയൻ തനിമ, കോശി ശാമുവേൽ എന്നിവരെ ആദരിച്ചു.