കോന്നി: കുളത്തുമൺ താമരപ്പള്ളി എസ്റ്റേറ്റില്‍ ആരംഭിക്കുന്ന പാറമടയിലേക്കുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞു. പാറമട വരുന്ന ഭാഗത്തേക്ക് പുതുതായി നിർമ്മിച്ച റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ടിപ്പർ ലോറിയിൽ കല്ല് കൊണ്ടുവന്ന് ഇവിടെ ഇറക്കിയതാണ് നാട്ടുകാർ തടഞ്ഞത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിനിടയിലാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ.
നാട്ടുകാർ വിവരമറിയിച്ചതോടെ രാത്രി പത്ത് മണിയോടെ കോന്നി സർക്കിൾ ഇൻസ്പക്ടർ സ്ഥലത്ത് എത്തിയിരുന്നു. അപ്പോഴേക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർ ഇവിടെ നിന്ന് കടന്നുകളഞ്ഞു. തുടർന്ന് പുലർച്ചെ വീണ്ടും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിനെയും നാട്ടുകാർ വിവരം ധരിപ്പിച്ചിരുന്നു. സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് മുൻപ് ഹൈക്കോടതി വിലക്ക് നിലനിന്നിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇവർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ കുളത്തുമൺ താമരപ്പള്ളി എസ്റ്റേറ്റിലാണ് മൂന്നോളം ക്രഷർ യൂണിറ്റുകൾ നടത്താൻ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. അരുവാപ്പുലം വില്ലേജിലേ സർവ്വെ നമ്പർ 540/1 ൽപ്പെട്ട ഭൂമിയിലാണ് ക്രഷർ യൂണിറ്റുകൾ ആരംഭിയ്ക്കുന്നത് .