കോന്നി : ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം നിശ്ചയിച്ച പെൺകുട്ടിയെയും മാതാവിനേയും പെട്രോൾ ഒഴിച്ച് കത്തിക്കുവാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പ്രമാടം സ്വദേശി വൈക്കത്ത് വടക്കേതിൽ എ രാജേഷ് ജയന്‍ (28) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച്ച ആയിരുന്നു സംഭവം. പെൺകുട്ടിയുടെ വീടിന്റെ മതിൽ ചാടി കടന്ന യുവാവ് വീട്ടിൽ കയറി ബഹളമുണ്ടാക്കുകയും തുടർന്ന് പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാവിന്റെ ശരീരത്തിലേക്കും പെട്രോൾ വീണു. തുടർന്ന് കത്തിക്കുവാൻ ലൈറ്റർ എടുത്തപ്പോഴേക്കും പിതാവ് ഇത് തട്ടി മാറ്റിയതിനാൽ തലനാരിഴയ്ക്ക് അപകടം ഒഴിവാകുകയായിരുന്നു. ഇയാള്‍ മുൻപ് വിവാഹം കഴിച്ചയാളും കോടതിയിൽ വേർപിരിയൽ കേസ് നിലനിൽക്കുകയും ചെയ്യുന്ന ആളാണ്. ഫേസ് ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട് രണ്ട് വർഷത്തിന് ശേഷമാണ് വിവാഹം നിശ്ചയിച്ചത്. കോന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.