കോന്നി : കോന്നി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിക്കുകയും ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോവുകയും ചെയ്ത സംഭവത്തിൽ ആശങ്ക വിട്ടൊഴിയാതെ ജനങ്ങൾ. വലഞ്ചൂഴി സ്വദേശിയായ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നത്. ഇതിന്റെ ഭാഗമായി കോന്നി താലൂക്ക് ആശുപത്രിയിൽ മുപ്പതിലധികം ഉദ്യോഗസ്ഥരെ കൊവിഡ് പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. ഇതിൽ ഇരുപത് പേർ മാത്രമാണ് നിലവിൽ കോന്നിയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നത്. ബാക്കിയുള്ളവർ ഇപ്പോഴും സാധാരണ പോലെ ഡ്യൂട്ടിയിലാണ് എന്നാണറിയുവാന്‍ കഴിഞ്ഞത്. ഇത് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കുന്നു.
ഇതേസമയം വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേരാണ് ദിവസേന കോന്നി പോലീസ് സ്റ്റേഷനിൽ വന്നുപോകുന്നത്. മാത്രമല്ല ഉദ്യോഗസ്ഥർ ഡ്യൂട്ടിയുടെ ഭാഗമായി പുറത്ത് പോകുന്നതും രോഗവ്യാപന ഭീഷണി ഉയർത്തുന്നുണ്ട്. ദിവസങ്ങൾ പോകുന്തോറും കോന്നിയിൽ രോഗവ്യാപനതോത് വർധിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ സ്റ്റേഷനിലേക്ക് കയറുന്ന കവാടം ബാരിക്കേട് ഉപയോഗിച്ച് അടച്ചിരുന്നു.
മലയോര മേഖലയിലും സമ്പർക്കം മൂലം രോഗവ്യാപന തോത് ഉയരുന്നത് ജനങ്ങളെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നുണ്ട്. നഗര പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലുമെല്ലാം മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്ന ആളുകളുടെ എണ്ണവും വർധിക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധി കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. കോന്നിയിലെ കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട നിരവധി ഉദ്യോഗസ്ഥർ ഇനിയും നിരീക്ഷണത്തിൽ പോയെങ്കിൽ മാത്രമേ ജനങ്ങളുടെ ആശങ്ക അകലുകയുള്ളു.