കോന്നി : കോവിഡ് പരിശോധനകൾ കർശനമാക്കാതെ ടിപ്പർ ലോറികൾ അടക്കമുള്ള വാഹന പരിശോധനയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കോന്നി പോലീസ്. കോന്നി തണ്ണിത്തോട് റോഡിൽ നിന്നും വരുന്ന ടിപ്പർ ലോറികളാണ് പ്രധാനമായും പരിശോധിക്കുന്നത്. തിരക്കേറിയ റോഡിലെ പരിശോധന പലപ്പോഴും ഗതാഗത തടസ്സവും സൃഷ്ടിക്കുന്നുണ്ട്.
ടിപ്പര്‍ പരിശോധന നടക്കുമ്പോള്‍ മാസ്ക് ധരിക്കാതെ കടന്നുപോകുന്നവരും കോവിഡ് നിയമലംഘനങ്ങൾ നടത്തുന്നവരും കണ്മുന്നില്‍ക്കൂടി കടന്നുപോയാലും ഇതൊന്നും ശ്രദ്ധിക്കുവാൻ കോന്നി പോലീസിന് സമയമില്ലെന്ന് നാട്ടുകാർ പറയുന്നു. വളവുകളിൽ വാഹന പരിശോധനകൾ പാടില്ലെന്ന് പോലീസിലെ ഉന്നത അധികാരികൾ ഉത്തരവ് ഇറക്കിയിട്ടും കോന്നി ചാങ്കൂർമുക്കിലും ഫയർ സ്റ്റേഷന് സമീപത്തും ഉള്ള വളവുകളിലാണ് പരിശോധന നടത്തുന്നത്.
റോഡിന് നടുവിൽ നിന്നുള്ള വാഹന പരിശോധനകളും തകൃതിയായി നടക്കുന്നുണ്ട്. കോന്നി ചാങ്കൂർ മുക്ക് അടക്കമുള്ള സ്ഥലങ്ങളിൽ ഇത് മൂലം ഗതാഗത കുരുക്കും വർധിക്കുന്നുണ്ട്. സർവീസ് നടത്തുന്ന ബസുകൾ അടക്കം വാഹന പരിശോധനയുടെ നിരയിൽ അകപ്പെട്ട് പോകാറുണ്ട്. എന്നാൽ വാഹനങ്ങളിൽ ആളുകളെ കുത്തി നിറച്ച് പോകുന്ന സംഭവങ്ങൾ കണ്ടാലും പോലീസ് അനങ്ങാറില്ല.