കോന്നി : മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കോന്നി പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയിൽ റവന്യൂ വകുപ്പ് അധികൃതർ പരിശോധന നടത്തി. തഹൽസീദാർ, കോന്നി വില്ലേജ് ഓഫീസർ, റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവർ അടങ്ങുന്ന സംഘമാണ് ഇന്നലെ സ്ഥലത്ത് പരിശോധന നടത്തിയത്. കനത്ത മഴയെ തുടർന്ന് ഇവിടെ ഭൂമിക്കടിയിൽ നിന്നും വെള്ളം ശക്തമായി ഒഴുകിയിരുന്നത് കോളനിവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. കൂടാതെ കോളനിയിലെ ഒരു വീടിന്റെ പുറകിൽ നേരിയ തോതിൽ മണ്ണിടിച്ചിലുമുണ്ടായി.
ഇതിനെ തുടർന്ന് റവന്യൂ അധികൃതരെ വിവരം ധരിപ്പിക്കുകയും അവർ സ്ഥലം പരിശോധിക്കുകയും ചെയ്തു. ചെളിയും മണ്ണും കലരാത്ത വെള്ളമാണ് പുറത്തേക്ക് ഒഴുകിയതെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ പ്രദേശ വാസികൾ ഇപ്പോഴും ആശങ്കയിലാണ്. കോളനിയിൽ താമസിച്ചിരുന്ന കൊവിഡ് പോസിറ്റീവ് രോഗിയെ പെരുനാട് കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മുപ്പത്തിരണ്ടോളം കുടുംബങ്ങളാണ് കോന്നി പൊന്തനാംകുഴി മുരുപ്പ് ഐ എച്ച് ഡി പി കോളനിയിലുള്ളത്. കോന്നി ഗ്രാമപഞ്ചായത്തിലെ പതിനഞ്ച്, പതിനാറ് വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ 2019 ഒക്ടോബർ 21 കോന്നി ഉപതെരഞ്ഞെടുപ്പ് ദിവസമാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.