കോന്നി: പ്രവാസി മലയാളികൾക്കായി കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഓഫീസിൽ പ്രവാസി കൈത്താങ്ങ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കേരള പ്രവാസി സംഘവുമായി ചേർന്നാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങിയത്. ഹെൽപ്പ് ഡെസ്ക് പ്രവാസികൾക്കും അവരുടെ നാട്ടിലുള്ള കുടുംബാഗങ്ങൾക്കും ആവശ്യമായ സഹായം എത്തിച്ചു നല്കും. നാട്ടിൽ നിന്നും മരുന്ന് ആവശ്യമുള്ള പ്രവാസികള്‍ക്ക് ഈ ഹെല്പ് ഡസ്ക് ഉപയോഗിക്കാം. എം.എൽ.എ ഓഫീസിൽ മരുന്നും അതിന്റെ ബില്ലും ആധാർ കാർഡിന്റെ കോപ്പിയും എത്തിച്ചു നല്കണം. ഡി.എച്ച്.എൽ കാർഗോ വഴിയാണ് മരുന്ന് എത്തിച്ചു നൽകുന്നത്.
2020 ജനുവരി ഒന്നിനു ശേഷം നാട്ടിലെത്തുകയും തിരികെ പോകാൻ കഴിയാത്തതുമായ പ്രവാസികൾക്ക് സംസ്ഥാന സർക്കാർ 5000 രൂപ സഹായം നല്കുന്നുണ്ട് . ഇത് ലഭിക്കുന്നതിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഹെൽപ്പ് ഡസ്കിൽ നിന്നും ആവശ്യമായ സഹായം നല്കും. പ്രവാസി ക്ഷേമനിധിയിൽ നിന്നും പെൻഷൻ ലഭിക്കുന്നവർക്ക് 1000 രൂപ സഹായം സംസ്ഥാന സർക്കാർ നല്കുന്നുണ്ട്. ഇതിനുള്ള അപേക്ഷയും ഹെൽപ്പ് ഡസ്കിൽ നിന്നും ലഭിക്കും.
സഹായകേന്ദ്രം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എല്ലാ പ്രവാസി കുടുംബങ്ങൾക്കും ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാമെന്നും ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും എം.എൽ.എ പറഞ്ഞു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട, ഏരിയാ പ്രസിഡന്റ് റ്റി.എൻ.സദാശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഹെൽപ്പ് ഡസ്ക് നമ്പർ – 9745633874, 7558034080, 0468-2343330