കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഗണിതോത്സവം സമുചിതമായി ആചരിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിൻ്റെയും സമഗ്രശിക്ഷ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടത്തുന്ന ഗണിതപരിപോഷണ പരിപാടിയായ മേന്മയുടെ ഭാഗമായാണ് ഗണിതോത്സവം സംഘടിപ്പിച്ചത്. യു.പി.വിഭാഗം വിദ്യാർത്ഥികളിലെ ഗണിതാഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുക വഴി ആയാസരഹിതമായ പഠനാനുഭവങ്ങൾ ക്ലാസ് മുറികളിലും ജീവിതത്തിലും രൂപപ്പെടുത്തുക എന്ന ലക്ഷ്യമാണ് സ്കൂൾ ഗണിതോത്സവത്തിലൂടെ ഏറ്റെടുത്തത്.
അടിസ്ഥാന ഗണിതക്രിയകൾ, ജ്യാമിതീയ രൂപങ്ങളുടെ പരിചയപ്പെടൽ, വിവിധതരം പസിലുകൾ തുടങ്ങിയവയിലൂടെ ഗണിത ആശയങ്ങൾ ലളിതവത്കരിച്ച് കുട്ടികളിലെത്തിക്കാൻ പര്യാപ്തമായ തരത്തിലാണ് മേന്മ പദ്ധതിയിലൂടെ ഗണിതോത്സവം സംഘടിപ്പിച്ചത്. ഗണിതനൃത്തം, ഗണിതനാടകം, ഗണിതപ്പാട്ട്, സെമിനാർ, കുസൃതിചോദ്യങ്ങൾ, ഗണിതകളി, ഗണിതകഥകൾ, ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ തുടങ്ങിയ വിവിധങ്ങളായ പരിപടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഗണിതോത്സവത്തിൻ്റെ ഉദ്ഘാടനവും ഗണിതക്ലബ്ബ് അംഗങ്ങൾക്കുള്ള ബാഡ്ജ് വിതരണവും ഫെഡറൽ ബാങ്ക് കോന്നി ബ്രാഞ്ച് അസിസ്റ്റൻ്റ് മാനേജറും പൂർവ്വവിദ്യാർത്ഥിയുമായ ഡെനിൽ റോയ് ജോഷ്വ നിർവ്വഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ആർ.ശ്രീകുമാർ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ എൻ. മനോജ്, എസ്.ആർ.ജി. കൺവീനർ രാജലക്ഷ്മി കെ.ആർ, ഗണിതക്ലബ്ബ് കൺവീനർ അനിതകുമാരി എൽ, പ്രമോദ് കുമാർ എന്നിവർ സംബന്ധിച്ചു. ന്യൂമാറ്റ്സ് പരീക്ഷയിൽ വിജയിച്ച ആറാം ക്ലാസ് വിദ്യാർത്ഥികളായ അമൽജിത്ത് എസ്, അനന്തു എ.എസ്, അദ്വൈത് ആർ.നായർ എന്നിവർക്കും ഗണിത ടാലൻ്റ് സേർച്ച് പരീക്ഷയിൽ വിജയിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഗണേഷ് ആർ.പിള്ള, ആറാം ക്ലാസ് വിദ്യാർത്ഥിനി അനുപമ എസ്.നായർ, ഏഴാം ക്ലാസ് വിദ്യാർത്ഥി ഋഷികേശ് എന്നിവർക്കും ഉപജില്ല ഗണിതശാസ്ത്രമേളയിൽ യു.പി.വിഭാഗം നമ്പർചാർട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഗൗരി എസ്.നായർക്കുമുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണംചെയ്തു.