കോന്നി : കോന്നി ആനത്താവളത്തിലെ പ്രധാന ആകർഷണമായിരുന്ന കോന്നി സുരേന്ദ്രനെ തിരികെ എത്തിക്കുവാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. 2018 ജൂണിലാണ് സുരേന്ദ്രനെ കുങ്കി പരിശീലനത്തിനായി തമിഴ്‌നാട് മുത്തുമലയിലെ ആന ക്യാമ്പിലേക്ക് കൊണ്ടുപോയത് . വനം വകുപ്പിന്റെ പാലക്കാട് ക്യാമ്പിലാണ് സുരേന്ദ്രൻ ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ആഴ്ച്ചയിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് സുരേന്ദ്രനെ വയനാട് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
ആനക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കാൻ ആവശ്യമായ സംവിധാനങ്ങൾ പാലക്കാട് ക്യാമ്പിൽ ഇല്ലാതിരുന്നതിനാലും കോന്നിയിൽ ഇത് ഉള്ളതിനാലുമാണ് ആനയെ തിരികെ കോന്നിയിൽ എത്തിക്കുവാൻ വനം വകുപ്പ് തീരുമാനം എടുത്തത്. പന്ത്രണ്ടോളം ആനകളാണ് മുത്തങ്ങ ആന ക്യാമ്പിൽ ഉള്ളത്. കോന്നി ആനക്യാമ്പിൽ ആനകളുടെ എണ്ണം കുറവായതും കോന്നിയിലേക്ക് ആനയെ എത്തിക്കുന്നതിന് കാരണമായി. മുൻ വനം മന്ത്രി അഡ്വ കെ രാജു കോന്നി സുരേന്ദ്രനെ തിരികെ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കോന്നിയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ സൂചന നൽകിയിരുന്നു. മാത്രമല്ല കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറും നിയമസഭയിലെ ചോദ്യോത്തര വേളയിൽ സുരേന്ദ്രനെ കോന്നിയിൽ എത്തിക്കുന്നത് സംബന്ധിച്ച് സബ്മിഷൻ ഉന്നയിച്ചരുന്നു . ആദ്യമായാണ് ഒരാനയെ സംബന്ധിച്ചുള്ള കാര്യങ്ങൾ നിയമ സഭയിൽ ചർച്ചയാകുന്നത്.
നാട്ടിൽ ഇറങ്ങുന്ന കാട്ടാനകളെ തുരത്തിയോടിക്കുന്ന ജോലിയാണ് സുരേന്ദ്രന് ഇപ്പോഴുള്ളത്. 2018 ജൂണിലാണ് ആനയെ കോന്നി ആനത്താവളത്തിൽ നിന്നും കുങ്കി പരിശീലത്തിനായി തമിഴ്‌നാട്ടിലെ മുത്തുമലയിലേക്ക് കൊണ്ടുപോയത്. കോന്നിയിലെ ആനപ്രേമികളുടെയും ജന പ്രതിനിധികളുടെയും ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു ആനയെ കൊണ്ടുപോയത്. അന്ന് ജനരോക്ഷം ശക്തമായതിനെ തുടർന്ന് കോന്നിയിൽ നിന്ന് കൊണ്ടുപോകുവാൻ ലോറിയിൽ കയറ്റിയ ആനയെ തിരികെ ഇറക്കുന്ന സ്ഥിതി വരെ ഉണ്ടായി. സംഭവത്തിൽ ജനപ്രതിനിധികളുടെ പേരിൽ അടക്കം നടപടി സ്വീകരിച്ചിരുന്നു.
സുരേന്ദ്രനെ കൊണ്ടുപോയതിന് ശേഷം കഴഞ്ഞ ഫെബ്രുവരിയിലാണ് കോടനാട് നീലകണ്ഠൻ എന്ന താപ്പാനയെ കോന്നി ആനത്താവളത്തിലേക്ക് കൊണ്ടുവന്നത്. കോന്നിയിലേക്ക് സുരേന്ദ്രൻ എത്തുന്നതോടെ കോടനാട് നീലകണ്ഠൻ അടക്കം കുങ്കി പരിശീലനം ലഭിച്ച രണ്ട് ആനകൾ കോന്നി ആനത്താവളത്തിന് സ്വന്തമാകും.