കോന്നി : കോടികൾ മുടക്കി നിർമ്മിച്ച പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണവുമായി ബന്ധപെട്ട് അപാകതകൾ പരിഹരിക്കണമെന്ന് കോന്നി താലൂക്ക് വികസന സമിതി സമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ കാലം മുതൽ തന്നെ വ്യാപകമായ പരാതികൾ ആണ് ഉയരുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ കോന്നി റീച്ചിൽ വാഹനങ്ങൾ റോഡിൽ തെന്നി അപകടങ്ങൾ വർധിക്കുന്നുണ്ട്. കൂടാതെ കോന്നി മാമൂട് ഭാഗത്ത് കലുങ്കിന്റെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീണ്ടുപോവുകയാണ്. മാസങ്ങളായി തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. ഓരോ ഭാഗം പൊളിച്ചിടുന്നത് മൂലം ഗതാഗത കുരുക്ക് മുറുകുകയാണ്. കൂടാതെ കെ എസ് ടി പി കോന്നി റീച്ചിൽ പലയിടത്തും വടക്ക് മുകളിൽ സ്ഥാപിച്ച സ്ളാബുകൾ ഇളകി കിടക്കുകയാണ്. ഇത് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്.
പുളിമുക്ക് മുതൽ സാമിപടി വരെയുള്ള ഭാഗങ്ങളിൽ ഇത്തരത്തിൽ നിരവധി സ്ളാബുകൾ ആണ് ഇളകി മാറിയിരിക്കുന്നത്. സംസ്ഥാന പാതയിലെ മല്ലശേരിമുക്കിൽ വാഹനാപകടങ്ങൾ പതിവാവുകയാണ്. മല്ലശേരി മുക്ക് മുതൽ പുളിമുക്ക് വരെയുള്ള ഭാഗങ്ങളിൽ വാഹനാപകടങ്ങളിൽ നിരവധി ആളുകൾ ആണ് മരണപ്പെട്ടിട്ടുള്ളത്. കെ എസ് റ്റി പി ഇവിടെ സൂചന ബോർഡ് സ്ഥാപിച്ചതായും മറുപടി നൽകി. ജല ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോന്നി, കലഞ്ഞൂർ അടക്കമുള്ള പഞ്ചായത്തുകളിൽ പൈപ്പ് സ്ഥാപിക്കുവാൻ റോഡരുകിലെ ഐറിഷ് ഓടകൾ ഇളക്കി മാറ്റിയിട്ട്പുനസ്ഥാപിക്കുന്നില്ല. റോഡിന് നടുവിൽ കുഴികളുമുണ്ട്. ഇതിൽ വീണ് നിരവധി ആളുകൾക്കാണ് പരിക്കേറ്റിട്ടുള്ളത്.
കോന്നി പേരൂർകുളം സ്‌കൂളിന്റെ നിർമ്മാണ പ്രവർത്തികൾ അനന്തമായി നീണ്ടുപോകുന്നതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണം. പല പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. ശല്യക്കാരായ കാട്ടുപന്നികൾ വെടിവെച്ച് കൊല്ലുവാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും പന്നികളെ സംസ്കരിക്കുമ്പോൾ വനം വകുപ്പിനെ അറിയിച്ചാൽ മതി എന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. കല്ലേലി അച്ചൻകോവിൽ റോഡിൽ തകർന്നു പോയ കലുങ്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്നും പുനർനിർമിക്കാൻ ആണ് ലക്ഷ്യമിടുന്നത് എന്നും വനം വകുപ്പ് അറിയിച്ചു. കോന്നി പഞ്ചായത്തിൽ മൂന്നാം വാർഡിൽ പെടുന്ന സ്ഥലത്ത് കുറച്ചു വീട്ടുകാർക്ക് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഉണ്ടെന്നും മലയാലപുഴയുടെ അതിർത്തി പ്രദേശം ആണ് ഇതെന്നും മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് പ്രീജ പി നായർ പറഞ്ഞു.
കലഞ്ഞൂർ ജംഗ്ഷനിൽ കെ എസ് റ്റി പി നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് മഴവെള്ളം കലഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് ഒഴുകി ഇറങ്ങുന്നത് പതിവാണ്. ഇതിനെതിരെ നടപടി വേണമെന്ന് കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരും ജന പ്രതിനിധികളും അടക്കം കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ പതിവായി പങ്കെടുക്കാത്തതിനെതിരെ നടപടി വേണം എന്നും യോഗം ആവശ്യപ്പെട്ടു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി അധ്യക്ഷത വഹിച്ചു. കോന്നി തഹൽസീദാർ നസിയ കെ എസ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാർ, രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുങ്ങിയവർ പങ്കെടുത്തു.