കോന്നി : കോന്നി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം പതിമൂന്നാം തീയതി രാവിലെ പതിനൊന്ന് മണിക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും.
ബ്രിട്ടീഷ് കാലഘട്ടത്തോളം പഴക്കമുള്ള താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം രണ്ട് നിലകളായി നവീകരിച്ചാണ് ഇപ്പോള്‍ നിർമ്മാണം പൂർത്തീകരിച്ചത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി ഒരുകോടി പതിനൊന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം. അറുപത്തി ഒൻപത് ലക്ഷത്തി അൻപതിനായിരം രൂപ വിനിയോഗിച്ച് കെട്ടിട നവീകരണവും ഇരുപത്തൊൻപത് ലക്ഷത്തിലേറെ രൂപ വിനിയോഗിച്ച് കെട്ടിടത്തിന്റെ ചുറ്റുമതിലും നിർമ്മിക്കുകയായിരുന്നു. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നില വനിതാ വാർഡും മുകളിലത്തെ നില ഡയാലിസിസ് യൂണിറ്റുമാക്കി മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ച് മാത്രമേ പ്രവർത്തനങ്ങൾ തീരുമാനിക്കുകയുള്ളു എന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ പറഞ്ഞു.