കോന്നി : കോവിഡ് 19 വ്യാപന സാധ്യത കണക്കിലെടുത്ത് എട്ടുമാസത്തോളം താത്കാലികമായി നിർത്തി വെച്ചിരുന്ന കോന്നി താലൂക്ക് വികസനസമിതി യോഗം വീണ്ടും ചേർന്നപ്പോൾ കോന്നി താലൂക്കിലെ കുടിവെള്ള ക്ഷാമവും കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോയും ചർച്ചയിൽ മുഖ്യ വിഷയമായി മാറി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ യോഗം എന്ന പ്രത്യേകതയുംഇന്ന് ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിന് ഉണ്ടായിരുന്നു. അതിനാൽത്തന്നെ പ്രധാനപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കെ യു ജനീഷ് കുമാർ എം എൽ എ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ ആരംഭിക്കുന്നതിന് കോന്നി ഗ്രാമ പഞ്ചായത്ത് കെ.എസ്.ആർ.ടി.സിക്ക് ഭൂമി വിട്ടു നൽകാൻ തയാറാകണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം വിളിച്ച് തീരുമാനങ്ങൾ എടുത്തിരുന്നു. എന്നാൽ ഇത് നടപ്പായില്ല. കോന്നി ഗ്രാമപഞ്ചായത്ത് അടിയന്തിരമായി ഭൂമി വിട്ടു നൽകിയെങ്കിൽ മാത്രമേ ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ സാധിക്കുകയുള്ളുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
കോന്നി താലൂക്കിൽ പുതിയ പാറമടകൾക്ക് അനുമതി നൽകരുതെന്ന് മുമ്പ് ചേർന്ന താലൂക്ക് വികസന സമിതി യോഗം തീരുമാനം എടുത്തിരുന്നു. എന്നാൽ കലഞ്ഞൂർ പഞ്ചായത്തിൽ അദാനി ഗ്രൂപ്പ് അനുമതിക്കായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ജനപ്രതിനിധികൾ യോഗത്തെ അറിയിച്ചു.
തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്നും മലയോര മേഖലയിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന തണ്ണിത്തോട് ഭാഗത്തേക്ക് നിർത്തലാക്കിയ കെ എസ് ആർ ടി സി ബസ്സ് സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കണമെന്നും ആവശ്യമുയർന്നു.
പ്രമാടം ഗ്രാമ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നവനീത് ആവശ്യപ്പെട്ടു. മൈലപ്ര ഗ്രാമ പഞ്ചായത്തിലെ റീ സർവേ പ്രശ്നങ്ങൾ പരിഹരിക്കാത്തത് ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും ഇത് പരിഹരിക്കണമെന്നും മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ളപ്രശ്‍നം അടിയന്തിരമായി പരിഹരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ ആവശ്യപ്പെട്ടു. കോന്നി താലൂക്കിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ പഞ്ചായത്ത് അടിസ്ഥാനത്തിൽ പദ്ധതികൾ തയാറാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
കോന്നി തഹൽസീദാർ ശ്രീകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, ലാൻഡ് റവന്യൂ തഹൽസീദാർ സുരേഷ് കുമാർ, കോന്നി പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ വി നായർ, വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോഹനൻ നായർ, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നവനിത്, ജില്ലാ പഞ്ചായത്ത് അംഗം അജോമോൻ, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ, തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ കുട്ടപ്പൻ, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുഷ്പവല്ലി, മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക, സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോബി റ്റി ഈശോ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.