കോന്നി : കോന്നി തണ്ണിത്തോട് റോഡിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഞള്ളൂർ കയറ്റം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ റോഡരുകിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ നിന്ന് പച്ചമണ്ണ് നീക്കം ചെയ്യുന്നതുമൂലം പച്ചമണ്ണും ചെളിയും ഉൾപ്പെടെ റോഡിലൂടെ ഒഴുകിയിറങ്ങുന്നതാണ് വാഹനയാത്രക്കാരെ അപകടത്തിലാക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് റോഡിൽ വീഴുന്ന മണ്ണ് ഇവർ പിന്നീട് നീക്കം ചെയ്യാറുമില്ല. കഴിഞ്ഞ ദിവസവും കോന്നി തണ്ണിത്തോട് റോഡിൽ ചെളി നിറഞ്ഞിരുന്നു. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്ന് ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് മാറ്റിയതിനെ തുടർന്ന് റോഡിൽ മണ്ണ് നിറയുകയും മഴയത്ത് ഇത് റോഡിലൂടെ ഒഴുകി ഇറങ്ങുകയുമായിരുന്നു. റോഡിൽ നിറഞ്ഞ ചെളിയിൽ വാഹനങ്ങൾ തെന്നി മാറിയെന്നും പ്രദേശവാസികൾ പറയുന്നു.
ഇതിന് തൊട്ടടുത്തായി പൊതുമരാമത്തുവകുപ്പ് റോഡുവിഭാഗം നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഏറ്റെടുത്തവർ നിർമ്മാണ പ്രവർത്തികൾക്ക് ശേഷം റോഡിലെ മണ്ണ് നീക്കം ചെയ്യാഞ്ഞതും ഇത്തരത്തിൽ റോഡിലേക്ക് ചെളി നിറയുന്നതിന് കാരണമായിരുന്നു. മഴയത്ത് ഒഴുകിയിറങ്ങുന്ന മണ്ണും ചെളിയും അതുമ്പുംകുളത്തിന് സമീപത്തുവരെയും എത്താറുണ്ട്. റോഡിൽ നിറയുന്ന ചെളി സമീപത്തെ വീടുകളുടെ മുറ്റത്തേക്കും ഒഴുകിയിറങ്ങിയിരുന്നു. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.