Saturday, April 5, 2025 1:52 am

കോന്നി നിയോജക മണ്ഡലത്തെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റും ; മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റാനും ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനും അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ടൂറിസം രംഗത്തെ വിദഗ്ധരുടെ യോഗത്തില്‍ തീരുമാനമായി. വിശ്വസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കോന്നി നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും ടൂറിസം വികസന സാധ്യതാ പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

ആനയെ പ്രധാന ആകര്‍ഷക കേന്ദ്രമാക്കി പ്രകൃതിയെ സംരക്ഷിച്ച് പ്രകൃതിക്കിണങ്ങുന്ന ടൂറിസം ഗ്രാമമായാണ് കോന്നിയെ മാറ്റിത്തീര്‍ക്കുന്നത്. കോന്നിയുടെ പതിനൊന്ന് പഞ്ചായത്തും നിരവധി ടൂറിസം സാധ്യതാ പ്രദേശങ്ങളാല്‍ സമ്പന്നമാണ്. ഇവയുടെ വികസനം ഉന്നത നിലവാരത്തില്‍ നടത്താനാണ് പദ്ധതി തയാറാക്കുന്നത്. വിദേശ ടൂറിസ്റ്റുകളെ വിപുലമായി ആകര്‍ഷിക്കത്തക്ക നിലയില്‍ കോന്നി ടൂറിസം വില്ലേജിനെ മാറ്റിത്തീര്‍ക്കാന്‍ കഴിയുമെന്ന് വിദഗ്ധസംഘം അഭിപ്രായപ്പെട്ടു.

കോന്നി ഇക്കോ ടൂറിസം, അടവി, ഗവി എന്നിവയാണ് നിലവില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍. കോന്നിയും, ഗവിയും രണ്ട് പ്രധാന മേഖലകളാക്കി തിരിച്ച് ടൂറിസം വികസനം സാധ്യമാക്കണമെന്നാണ് വിദഗ്ധ സമിതി പ്രധാനമായും അഭിപ്രായപ്പെട്ടത്. കോന്നി കേന്ദ്രമാക്കി ടൂറിസം വികസനം നടത്തുമ്പോള്‍ ഏനാദിമംഗലം പഞ്ചായത്തിലെ അഞ്ചുമലപാറ, കലഞ്ഞൂര്‍ പഞ്ചായത്തിലെ രാക്ഷസന്‍ പാറ, പ്രമാടം പഞ്ചായത്തിലെ നെടുംപാറ, അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തിപ്പാറ എന്നീ മലകള്‍ കേന്ദ്രീകരിച്ചും ടൂറിസം പദ്ധതി നടപ്പാക്കും.

അടവിയില്‍ കൂടുതല്‍ ട്രീ ടോപ്പ് ഹട്ടുകള്‍ ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കണമെന്നും സംഘം അഭിപ്രായപ്പെട്ടു. മണ്ണീറ വെള്ളച്ചാട്ടം, കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം തുടങ്ങിയവ സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി വികസിപ്പിക്കണം. വനത്തിനുള്ളിലെ ആരാധനാ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി പില്‍ഗ്രിം ടൂറിസവും നടപ്പാക്കാന്‍ കഴിയും. വിവിധ ഭാഗങ്ങളില്‍ ഫുഡ് കോര്‍ട്ടുകള്‍, റോപ്പ് വേ, ട്രക്കിംഗ്, സൈക്ലിംഗ്, മുളം ചെങ്ങാടങ്ങള്‍, അക്വേറിയം, വാക്സ് മ്യൂസിയം, ഐ മാക്സ് തിയറ്റര്‍, റോക്ക് പാര്‍ക്ക്, കുട്ടികളുടെ അഡ്വഞ്ചര്‍ പാര്‍ക്ക്, കുതിര സവാരി, ഹട്ട്, റിസോര്‍ട്ട്, ഹോം സ്റ്റേ, ക്രാഫ്റ്റ് വില്ലേജ്, ആയുര്‍വേദം, ഓര്‍ഗാനിക് ഫാമിംഗ് തുടങ്ങിയവയും സംഘം നിര്‍ദേശിച്ചിട്ടുണ്ട്.

ഗവി കേന്ദ്രമാക്കി ചിറ്റാര്‍, സീതത്തോട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കാന്‍ കഴിയുമെന്ന് സംഘം പറഞ്ഞു. കാരിക്കയം, കക്കി ഡാമുകളില്‍ ബോട്ടിംഗ്, സീതത്തോട് കക്കാട്ടാറില്‍ കയാക്കിംഗ് തുടങ്ങിയവ ആരംഭിക്കാന്‍ കഴിയും. കോന്നി ഫിഷിന്റെ ഭാഗമായി കക്കി ഡാമില്‍ ആരംഭിക്കുന്ന കൂട് മത്സ്യകൃഷിയും ടൂറിസവുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഗവി മേഖലാ ടൂറിസത്തിന്റെ ഭാഗമായി ടൂറിസ്റ്റുകള്‍ക്ക് വിപുലമായ താമസ സൗകര്യം ഒരുക്കണമെന്ന് സംഘം നിര്‍ദേശിച്ചു. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന ലയങ്ങള്‍ അതേ നിലയില്‍ നിലനിര്‍ത്തി ഉന്നത നിലവാരത്തില്‍ പുനരുദ്ധരിച്ച് താമസ സൗകര്യം ഒരുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നു. കെടിഡിസി വനം വകുപ്പുമായി ചേര്‍ന്ന് താമസ സൗകര്യം ഒരുക്കണം.

അന്തരീക്ഷ മലിനീകരണം കോന്നിയില്‍ വളരെ കുറവാണ്. വര്‍ഷം മുഴുവന്‍ മഴ ലഭിക്കുന്ന പ്രദേശവുമാണ്. ഇത് വിദേശ ടൂറിസ്റ്റുകളെയും സ്വദേശികളേയും ഒരു പോലെ ആകര്‍ഷിക്കുന്ന ഘടകമാണ്. പൂര്‍ണമായും പ്ലാസ്റ്റിക്ക് രഹിത ഗ്രാമമായി വേണം കോന്നി ടൂറിസം വില്ലേജ് പ്രവര്‍ത്തിക്കേണ്ടത്. ടുറിസം കേന്ദ്രത്തില്‍ പരമാവധി ഗ്രീന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഗൈഡുകള്‍, ആശുപത്രി സഹായം തുടങ്ങിയവ ടൂറിസ്റ്റുകള്‍ക്ക് ഉറപ്പാക്കണമെന്നും സംഘം നിര്‍ദേശിച്ചു.

സര്‍ക്കാര്‍, സ്വകാര്യ സംയുക്ത പങ്കാളിത്തത്തോടെയുള്ള വികസന നിര്‍ദേശങ്ങളാണ് പ്രധാനമായും ഉയര്‍ന്നു വന്നത്. ഉയര്‍ന്നു വന്ന നിര്‍ദേശങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വിപുലമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. പ്രാദേശിക ടൂറിസം സാധ്യതകള്‍ എങ്ങനെയായിരിക്കണം വികസിപ്പിക്കുക എന്നും മാസ്റ്റര്‍ പ്ലാന്‍ വിശദമാക്കും. കോന്നിയില്‍ നിന്നും ആരംഭിച്ച സംഘത്തിന്റെ സന്ദര്‍ശനം ഗവിയിലാണ് അവസാനിച്ചത്. കോന്നി ഐബി, ഗവി എന്നിവിടങ്ങളിലാണ് സംഘം യോഗം ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയത്. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും വരെ സംഘത്തിന്റെ പ്രവര്‍ത്തനം തുടരും.

കോന്നിയെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റുന്നതിലൂടെ ആയിരം പേര്‍ക്ക് പ്രത്യക്ഷത്തിലും മൂവായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍  പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ കോന്നി ടൂറിസത്തെ മാറ്റിത്തീര്‍ക്കുകയാണ് ലക്ഷ്യം.
ടൂറിസവും അനുബന്ധ മേഖലയും കോന്നിയുടെ പ്രധാന വരുമാന മാര്‍ഗമായി മാറ്റാന്‍ കഴിയും. സ്വദേശികള്‍ക്കൊപ്പം വിദേശ സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ കഴിയുന്ന നിലയില്‍ ടൂറിസത്തെ മാറ്റിത്തീര്‍ക്കും.

ഇതിനാണ് വിശ്വസഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഹായം തേടിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം വിദഗ്ധരുടെ ഒരു നിരയെ തന്നെ അണിനിരത്തിയിട്ടുണ്ട്. വയനാടിനും, ആലപ്പുഴയ്ക്കുമൊപ്പം വിനോദ സഞ്ചാര മേഖലയിലെ പ്രധാന കേന്ദ്രമായി കോന്നി ടൂറിസം ഗ്രാമവും മാറും. കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ കോന്നിയുടെ ടൂറിസം മേഖലയില്‍ വന്‍ വികസനം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവരെ കൂടാതെ കോന്നി ഡിഎഫ്ഒ ശ്യാം മോഹന്‍ ലാല്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സുബൈര്‍ കുട്ടി, പ്രമുഖ ആര്‍ക്കിടെക്റ്റ് ജോര്‍ജ് കോശി, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം കണ്‍സള്‍ട്ടന്റ് റെയ്സണ്‍. വി. ജോര്‍ജ്, റിട്ടയേഡ് ഡിഎഫ്ഒയും ഇക്കോ ടൂറിസം വിദഗ്ധനുമായ എസ്. ഉണ്ണികൃഷ്ണന്‍, ബ്രാന്‍ഡ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് രമേശ് രംഗനാഥ്, ടൂറിസം അഡൈ്വസര്‍മാരായ ബിയോജ്, ബിനോജ്, ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി. പവിത്രന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.നവനിത്ത്, ജോബി.ടി. ഈശോ, ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ബേബി തുടങ്ങിയവരും പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡില്‍ ഗതാഗത നിരോധനം

0
പത്തനംതിട്ട : ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷനില്‍...

ചുങ്കപ്പാറയിൽ മോഷണം നിത്യ സംഭവം ; ഇരുട്ടിൽ തപ്പി പോലീസ്

0
മല്ലപ്പള്ളി: ചുങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുന്നു....

ദുരാചാരങ്ങൾ ഹിന്ദു സമൂഹത്തിൽ വീണ്ടും വരാൻ അനുവദിക്കില്ല : മോഹൻ ബാബു

0
കോഴഞ്ചേരി : ഹൈന്ദവ സമൂഹത്തിൽ നിന്നും തുടച്ചു നീക്കിയ ദുരാചാരങ്ങളും മനുഷ്യത്യ...

വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനെ സ്വാഗതം ചെയ്യുന്നു : കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

0
പത്തനംതിട്ട : ഭാരതത്തിലെ പൊതുസമൂഹത്തിന് ദോഷകരമായിരുന്ന ഭാഗങ്ങൾ നീക്കം ചെയ്യുന്ന വഖഫ്...