കോന്നി : കോന്നി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി, ആവണിപ്പാറ എന്നീ ട്രൈബൽ മേഖലയിൽ ആരംഭിക്കുന്ന ട്രൈബൽ ലൈബ്രറികൾക്കായി പുസ്തകചാലഞ്ച് എന്ന പേരിൽ പുസ്തകങ്ങൾ സമാഹരിക്കുന്നു.
താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങില്‍ കോന്നി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ നെപ്ട്യൂണിൽ നിന്നും സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.ടി കെ ജി നായർ പുസ്തകം ഏറ്റുവാങ്ങി ചാലഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.വി ജയകുമാർ, സെക്രട്ടറി അഡ്വ.പേരൂർ സുനിൽ, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി അനന്ദൻ, എം എസ് ജോൺ, സന്തോഷ് മാത്യു, റോയി, സുരേഷ് കുമാർ, പ്രദോഷ് കുമാർ, കൈപ്പട്ടൂർ തങ്കച്ചൻ, സുധാകുമാർ, വി കെ ഗോപാലകൃഷ്ണപിള്ള, രജി തോപ്പിൽ എന്നിവർ പങ്കെടുത്തു.
ജില്ലയിൽ ആദ്യമായാണ് ട്രൈബൽ മേഖലയിൽ ലൈബ്രറി ആരംഭിക്കുന്നത്. ലൈബ്രറികളുടെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരം നടക്കും. പുസ്തക ചാലഞ്ചിന്റെ ഭാഗമായി സാഹിത്യകാരൻ കൈപ്പട്ടൂർ തങ്കച്ചൻ പുസ്തകങ്ങൾ നൽകി. കോന്നി ഡി.എഫ്. ഒ ഓഫീസിലെ ജീവനക്കാര്‍ നല്‍കിയ പുസ്തകങ്ങൾ ഡി.എഫ്.ഒ ശ്യാം മോഹൻ ലാൽ കൈമാറി. വരും ദിവസങ്ങളിൽ സാമൂഹിക സംഘടനകളും വിദ്യാർഥികളും പൊതു സമൂഹവും പുസ്തക ചാലഞ്ചുമായി സഹകരിക്കുമെന്ന് താലൂക്ക് കമ്മറ്റി അറിയിച്ചു.
പുസ്തകങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നവർ 0468 2341455, 9447594891 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.