കോന്നി : കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി റേഞ്ചിലെ പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ നിന്നും വനപാലകരുടെ ഒത്താശയോടെ തേക്കുതടി മുറിച്ച് കടത്തിയ സംഭവത്തിൽ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി കേശവനാണ് ഇവരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. കോന്നിയില്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന രണ്ടാമത്തെ നടപടിയാണ് ഇത്.
മൃഗവേട്ട നടത്തിയ സംഭവത്തിൽ പ്രതിയുടെ വീട്ടിൽ നിന്ന് തൊണ്ടി മുതൽ കണ്ടെടുത്തിട്ടും നടപടി സ്വീകരിക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റര്‍ സസ്പെന്റ് ചെയ്തിരുന്നു. ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് അനിൽ കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി ജി സജി കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആത്മ പ്രതീഷ്, എച്ച് ഷാജി, സി എസ് പ്രദീപ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
വനപാലകരുടെ ഒത്താശയോടെ തേക്കുതടി മുറിച്ച് കടത്തിയ സംഭവത്തിലാണ് ഇപ്പോള്‍ നടപടി. നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ് ഫസലുദീൻ, മുൻ കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും നിലവിൽ റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ എസ് രാജേഷ് എന്നിവരാണ് സസ്പെൻഷൻ നടപടികൾക്ക് വിധേയരായത്. മാർച്ച് ഇരുപതിനാണ് കരിപ്പാൻതോട്, പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ നിന്നായി തേക്ക് തടി മുറിച്ച് കടത്തിയതായി വനംവകുപ്പ് സ്ഥിരീകരിക്കുന്നത്. ഇതിന് മുൻപ് മാർച്ച് മാസത്തിലും ഇവിടെ നിന്ന് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയതായി കണ്ടെത്തി. കടയിൽ നിന്ന് പ്രത്യേകം വാങ്ങിയ വിറകിൻ ചുള്ളി പിക്കപ്പ് വാനിൽ കെട്ടുകളായി അടുക്കിവെച്ച് ഇതിനുള്ളിൽ തേക്കുതടി ഒളിപ്പിച്ച് ചെക്പോസ്റ്റ് വഴി കടത്തുകയായിരുന്നു. നാല് പ്രാവശ്യമായി ഇവിടെ നിന്ന് തടികൾ കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്നും ഈ തടികള്‍ കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിലെ തടി മില്ലിൽ ഇറക്കിയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തു.
ഇവിടെ നിന്ന് കടത്തിയ തേക്കിൻ തടികളും തടികള്‍ കടത്തിയ പിക് അപ് വാനും വനപാലകർ പിടിച്ചെടുത്തിട്ടുണ്ട്. വിറക് വിൽക്കുന്ന കടയിൽ നിന്ന് വാങ്ങിയ റബ്ബറിൻ വിറകുകൾ ഉപയോഗിച്ച് തേക്കുതടികള്‍ കടത്തിയതിന് ശേഷം ഈ വിറകുകള്‍ തിരികെ കടയിൽ എത്തിച്ചിട്ടുണ്ട്. സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഫയർ വാച്ചർക്കും ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞു. എന്നാൽ വനംവകുപ്പ് ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ പുനലൂർ ഫ്ലൈയിംഗ് സ്‌ക്വാഡ് ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തുകയും സംഭവത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പൾസർ ബൈക്ക് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് .
വനംകൊള്ളയിൽ ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും സംഭവത്തിലെ തൊണ്ടിമുതലും ആയുധങ്ങളും കണ്ടെത്തുന്നതില്‍ ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്നും ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ മുൻ കരിപ്പാൻതോട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും നിലവിൽ റാന്നി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസറുമായ എസ് രാജേഷ്, നടുവത്തുംമൂഴി റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സോമൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബി ജയമോഹൻ, എ സെയ്ദ് യൂസഫ്, കെ അരുൺകുമാർ, ആർ അജയകുമാർ, ബീന മാത്യു, എസ് എസ് സൗമ്യ, ട്രൈബൽ വാച്ചർ വി ആർ രാജൻ എന്നിവരെയാണ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി കെ കേശവൻ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കൃത്യ നിർവ്വഹണത്തിൽ ഗുരുതര വീഴ്ച്ച ഉണ്ടായതായും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.