കോന്നി : നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ നിന്നും അനധികൃതമായി തേക്കുതടികൾ മുറിച്ച് കടത്തിയ സംഭവത്തിൽ തടി വാങ്ങിയ മില്ലുടമയും വനപാലകരുടെ പിടിയിലായി. കൊല്ലം ചന്ദനത്തോപ്പിലെ തടിമില്ലുടമ ഷാജഹാൻ(56) ആണ് പിടിയിലായത്. മുമ്പ് പിടിയിലായ കൊക്കാത്തോട് ഒരേക്കർ സ്വദേശി താന്നിമൂട്ടിൽ സമീറിനെ തടിമില്ലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനെ തുടർന്നാണ് തടിമില്ലുടമയെ വനപാലകർ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
മാർച്ച് ഇരുപത്തിയൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ നിന്നും ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തേക്കുതടികൾ മുറിച്ച് കടത്തുകയായിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിക്കുകയും തടി കടത്തിയ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.