കോന്നി : അമിത ഭാരം കയറ്റിയുള്ള തടിലോറികളുടെ സഞ്ചാരം കോന്നിയിൽ അപകടങ്ങൾക്ക് കാരണമാകുന്നു. കോന്നി കുളത്തുങ്കലിൽ കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ അമിത ഭാരം കയറ്റി വന്ന തടിലോറി തട്ടി കാറിന് കേടുപാടുകൾ സംഭവിച്ചത്. ലോറിയുടെ നീളത്തിന്റെ ഇരട്ടി നീളത്തിലാണ് തടികൾ പലയിടങ്ങളിലും കയറ്റിക്കൊണ്ടുപോകുന്നത്. ലോറിയിൽ നിന്നും തടികൾ ഇരുവശത്തേക്കും നീണ്ട് നിൽക്കുന്നതിനാൽ പലപ്പോഴും അപകടങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്.
അപകടകരമായ രീതിയില്‍ തടി ലോഡുമായി ലോറികള്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടാലും അധികൃതർ പലപ്പോഴും മൌനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ലോറിയുടെ ബോഡിക്ക് പുറത്തേക്ക് തള്ളിനില്‍ക്കുന്ന നിലയില്‍ തടിയോ സാധനങ്ങളോ കയറ്റിക്കൊണ്ടുപോകുവാന്‍ നിയമം അനുവദിക്കുന്നില്ല. ലോറിയുടെ കാബിനു മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന നിലയിലാണ് റബര്‍ തടിയും മറ്റ് പാഴ് മരങ്ങളും കൊണ്ടുപോകുന്നത്. വൈദ്യുതി ലൈനുകളില്‍ മുട്ടി ഇത് പലപ്പോഴും അപകടത്തിനു കാരണമാകുന്നുണ്ട്. മാത്രമല്ല തിരക്കില്ലാത്ത രാത്രി സമയങ്ങളിൽ കൊണ്ടുപോകേണ്ട ലോഡുകളാണ് പകൽ സമയങ്ങളിൽ തിരക്കേറിയ റോഡിലൂടെ കൊണ്ടുപോകുന്നത്. ഇത്തരം സംഭവങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.