കോന്നി : മലയാളത്തിലെ ആദ്യകാല പുസ്തക പ്രസാധന സ്ഥാപനമായ കോന്നി വീനസ് ബുക്ക് ഡിപ്പോയുടെ ഉടമയും മാനേജിംഗ് ഡയറക്ടറുമായിരുന്ന സുശീല ശേഖർ (91 വയസ്സ്) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് അന്തരിച്ചു. കോന്നി കെ. കെ. എൻ. എം ഹൈസ്കൂൾ ഡയറക്ടർ ബോർഡ് മെമ്പർ, കോന്നി വിമൻസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി, എൻ. എസ്. എസ്. വനിതാ സമാജം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ കോന്നിയുടെ സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. കരുനാഗപ്പള്ളി ബാർ അസോസിയേഷൻ ആദ്യപ്രസിഡന്റ് അഡ്വ. വെള്ളങ്ങാട്ട് വേലുപ്പിള്ളയുടെ മകളും കരുനാഗപ്പള്ളി താഴത്തോട്ടത്ത് അമ്പിയിൽ കുടുംബാംഗവുമാണ് സുശീല ശേഖർ.
കോന്നി വീനസ് ബുക്സ് സ്ഥാപകനും പുസ്തകപ്രസാധകനുമായിരുന്ന പരേതനായ ഇ.കെ.ശേഖർ ആണ് ഭർത്താവ്. മക്കൾ : ഡോ. എസ്. ശശികുമാർ (ഗൈനക്കോളജിസ്റ്റ്, ജൂബിലി ഹോസ്പിറ്റൽ, തിരുവനന്തപുരം), ഡോ.എസ്. ശ്രീകുമാർ ( ഇ.എം.സി.ഹോസ്പിറ്റൽ എറണാകുളം) മകൾ : ശ്യാമ ദാസ്. മരുമക്കൾ : ഡോ. ശ്രീകുമാരി നായർ (മുൻ. എച്ച്.ഓ.ഡി കരമന എൻ.എസ്.എസ് കോളേജ്), ഡോ.രാജി.എ.മേനോൻ (ഇ.എം.സിഹോസ്പിറ്റൽ, എറണാകുളം), ജി. മോഹൻ ദാസ് ( റിട്ട: സീനിയർ മാനേജർ, ബാങ്ക് ഓഫ് ബറോഡ) പ്രശസ്ത അതിവേഗ കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി, നാഗാലാൻഡ് ജില്ല കളക്ടർ അജിത് രഞ്ജൻ ഐ.എ.എസ് എന്നിവർ കൊച്ചുമരുമക്കളാണ്. സംസ്കാരം ജൂലൈ 11 വെള്ളിയാഴ്ച പകൽ മൂന്ന് മണിക്ക് കോന്നി പൂവൻപാറ വീനസ് കോട്ടേജിൽ നടക്കും.