കോന്നി : കോന്നിയിലെ വെള്ളച്ചാട്ടങ്ങൾക്ക് മഴയിൽ പുതുജീവൻ ലഭിച്ചു. മണ്ണീറ വെള്ള ചാട്ടം, പൂച്ചക്കുളം വെള്ളച്ചാട്ടം, രാജഗിരി വെള്ള ചാട്ടം, ചെളിക്കുഴി വെള്ള ചാട്ടം, മീന്മൂട്ടി വെള്ളചാട്ടം, ചെങ്ങറ വെള്ള ചാട്ടം തുടങ്ങി നിരവധി വെള്ള ചാട്ടങ്ങൾ ആണ് കോന്നിയിൽ ഉള്ളത്. തുടർച്ചയായി മഴ പെയ്തതോടെ കോന്നിയിലെ എല്ലാ വെള്ള ചാട്ടങ്ങളും സജീവമാണ് ഇപ്പോൾ. അടവിയിൽ കുട്ടവഞ്ചി കയറാൻ എത്തുന്നവർ ആണ് മണ്ണീറ വെള്ള ചാട്ടത്തിൽ എത്തുന്നത്. കുടുംബമായി എത്തുന്നവർ ആണ് ഏറെയും. കൂടൽ രാജഗിരി വെള്ള ചാട്ടത്തിലും പൂച്ചക്കുളം വെള്ള ചാട്ടത്തിലും എത്തുന്നവരും നിരവധിയാണ്.
വിവാഹ ആൽബങ്ങൾ ഷൂട്ട് ചെയ്യുന്നവരുടെ ഇഷ്ട ലൊക്കേഷൻ ആയി മാറുന്നുണ്ട് കോന്നിയിലെ വിവിധ വെള്ള ചാട്ടങ്ങൾ. മണ്ണീറ വെള്ളചാട്ടവും രാജഗിരി വെള്ള ചാട്ടവും അപകട ഭീതി ഇല്ലാതെ കൊച്ച് കുട്ടികൾക്ക് പോലും എത്താൻ കഴിയുന്നതാണ്. എന്നാൽ പലയിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉള്ള സൗകര്യം ഇല്ലാത്തതും വെള്ള ചാട്ടങ്ങളിലേക്ക് കടക്കാൻ വഴികൾ ഇല്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ഇത്തരം വെള്ള ചാട്ടങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ വനം വകുപ്പോ ഏറ്റെടുത്താൽ ഇത് പ്രദേശത്തിന്റെ വികസനത്തിനും വഴി തെളിക്കും.