പത്തനംതിട്ട : കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ആവശ്യക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുകയാണ് ഗ്രാമപഞ്ചായത്തുകളും ജില്ലാ ഭരണകൂടവും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാര്‍ച്ച് 19 വരെ 227 കുടുംബങ്ങളിലായി 535 പേര്‍ക്കാണ് അവശ്യസാധനങ്ങള്‍ ഗ്രാമപഞ്ചായത്ത് വിതരണം നടത്തിയത്. ഇതിനായി ഗ്രാമപഞ്ചായത്തുകള്‍ മൂന്നുലക്ഷത്തിലധികം രൂപയാണ് ചിലവഴിച്ചത്. വിവിധ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണു ജില്ലാ ഭരണകൂടം അവശ്യ സാധനങ്ങള്‍ സ്വരുക്കൂട്ടി ഗ്രാമ പഞ്ചായത്തുകള്‍ മുഖേന വിതരണം നടത്തുന്നത്.
ഇത്തരത്തില്‍ 241 കിറ്റുകളാണു ജില്ലാ ഭരണകൂടം 19 വരെ വിതരണം നടത്തിയത്. ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ വഴിയാണ് നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് പഞ്ചായത്തുകള്‍ക്ക് കൈമാറുന്നത്. പ്രധാനമായും റാന്നി- പഴവങ്ങാടി, റാന്നി- അങ്ങാടി, റാന്നി, വടശേരിക്കര, അയിരൂര്‍, ഏഴംകുളം, കോട്ടാങ്ങല്‍ എന്നി പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്ന 241 പേര്‍ക്ക് ജില്ലാ ഭരണകൂടം വിവിധ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ അവശ്യവസ്തുക്കള്‍ എത്തിച്ചത്.
കൊറോണയുമായി ബന്ധപ്പെട്ട് സേവനത്തിലുള്ള ജീവനക്കാര്‍ക്കും സന്നദ്ധ സംഘടനകള്‍ ഭക്ഷണമെത്തിക്കുന്നുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന കിറ്റില്‍ പലവ്യഞ്ജനം, പച്ചക്കറി, സാനിറ്ററി സാധനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നു. ഇതില്‍ അരി, പഞ്ചസാര, പയര്‍, ആട്ട, മുളക്പൊടി, മല്ലിപൊടി, ഉപ്പ്, എണ്ണ ഇനങ്ങള്‍, ജീരകം, പാല്‍പൊടി, ഓട്സ്, ബിസ്‌ക്കറ്റ്, പച്ചക്കറികള്‍, സോപ്പ്, സോപ്പ്പൊടി, ഹാഡ്വാഷര്‍, സാനിറ്റൈസര്‍ തുടങ്ങിയ സാധനങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഗ്രാമപഞ്ചായത്ത് മുഖേന എത്തിക്കുന്നു.
കഴിഞ്ഞ ദിവസം കൊടുമണ്‍ ഗ്രാമപഞ്ചായത്ത് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പാചകവാതകം എത്തിച്ചു നല്‍കി. ജില്ലയിലെ 30 പഞ്ചായത്തുകള്‍ സ്വന്തംനിലയ്ക്ക് വിദേശത്തുനിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്‍പ്പെടെ അവരുടെ അവശ്യ പ്രകാരം അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കി. ഗാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് കുടിവെള്ളവും ഉറപ്പുവരുത്തുന്നു.