കോട്ടാങ്ങല്‍ : ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്ക് ചൂട്ടുവെച്ചു. ശ്രീകോവിലിനുള്ളിൽ നിന്നും മേൽശാന്തി മനുശര്‍മ്മ കൈമാറിയ അഗ്നി ജ്വാല കരനാഥന്മാർ ചൂട്ടുകറ്റയിലേക്ക് ഏറ്റുവാങ്ങി. തുടര്‍ന്ന് കരക്കാരുടെ സാന്നിധ്യത്തിൽ അവരുടെ അനുവാദത്തോടുകൂടി എട്ടു പടയണിക്ക് ചൂട്ടു വെക്കുന്നു എന്ന് വിളിച്ചു ചൊല്ലി. കുളത്തൂർ കരയ്ക്ക് വേണ്ടി പുത്തൂർ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങൽ കരയ്ക്ക് വേണ്ടി കടൂർ രാധാകൃഷ്ണക്കുറുപ്പും ആണ് ചൂട്ടുവെച്ച് പടയണിക്ക് ക്ഷേത്രത്തിൽ തുടക്കം കുറിച്ചത്. ഇന്ന് ഇരുകരക്കാരുടേയും ചൂട്ടുവലത്ത് നടക്കും.
30നും 31നും ഗണപതിക്കോലവും ഫെബ്രുവരി 1നും 2 നും അടവി പള്ളിപ്പാന എന്നിവയും 3നും 4 നും വലിയ പടയണിയും നടക്കും. ചടങ്ങുകൾക്ക് കുളത്തൂർ ശ്രീദേവി വിലാസം പടയണി സംഘം ഭാരവാഹികളായ അഡ്വ.പി അജീഷ് പുറത്തേട്ട്, ടി എ വാസുകുട്ടൻ നായർ തടത്തിൽ, രതീഷ് ബാബു ചളുകാട്ട്, ഹരികുമാര്‍ പുതുപ്പറമ്പില്‍, കോട്ടാങ്ങൽ ശ്രീഭദ്ര പടയണി സംഘം ഭാരവാഹികളായ രാജൻ പിള്ള കുന്നേൽ, മനീഷ് പുളിക്കൽ, രാഹുൽ തച്ചേട്ട്, ദേവസ്വം പ്രസിഡന്റ്റ് സുനിൽ വെള്ളിക്കര, സെക്രട്ടറി സുനിൽ താന്നിക്കപൊയ്കയിൽ, പടയണി കോഡിനേറ്റർ അനീഷ് ചുങ്കപ്പാറ എന്നിവർ നേതൃത്വം നൽകി.