ദുൽഖർ തൻ്റെ കരിയറിനെ അടയാളപ്പെടുത്തുന്നത് ഇതുകൊണ്ടാവും! കിംഗ് ഓഫ് കൊത്തയെക്കുറിച്ച് ആരാധകർക്ക് പറയാനുള്ളത് ഇത്രമാത്രമാത്രമാണ്. ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയാകെ നിറയുന്നത് ദുൽഖറിൻ്റെ കൊത്തയിലെ ലുക്കാണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് മുതൽ പ്രേക്ഷകരിൽ നിറഞ്ഞുനിന്ന ആകാംക്ഷ ഇതോടെ ഇരട്ടിക്കുകയായി. കാരണം ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും കൊണ്ട് നിറഞ്ഞതാണ് ടീസർ. എന്താണ് കൊത്തയെന്നും അവിടുത്തെ ജീവിതമെന്നും വ്യക്തമാക്കുന്നതാണ് ടീസർ.
ടീസർ തുടങ്ങുന്നതുതന്നെ ഒരു കഥ പറഞ്ഞുകൊണ്ടാണ്. രക്ഷകനായി കാത്തിരിക്കുന്ന ജനതയ്ക്ക് അവരുടെ രക്ഷകനെ തിരിച്ചുകിട്ടിയ കഥ. കൊത്തയിലെ രാജാവ് താനാണെന്ന് പ്രഖ്യാപിച്ചാണ് ദുൽഖറിൻ്റെ എൻട്രി. “ഇത് കൊത്തയാണ്…ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍…ഞാന്‍ പറയുമ്പോള്‍ രാത്രി” എന്നീ ഡയലോഗുകളും അതോടൊപ്പം എത്തുന്ന ആക്ഷൻ രംഗങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കിമറിയ്ക്കുന്നത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മലയാളം ടീസര്‍ പുറത്തിറക്കിയത്. തെലുങ്ക് ടീസര്‍ മഹേഷ് ബാബുവും തമിഴ് ടീസര്‍ ചിമ്പുവും കന്നഡ ടീസര്‍ രക്ഷിത് ഷെട്ടിയുമാണ് പുറത്തിറക്കിയത്.