ന്യൂഡല്‍ഹി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് സി.ആര്‍.പി.എഫ്. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ സംസ്ഥാനത്തിന് അകത്തെ ക്രമസമാധാന വിഷയങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്നുമാണ് സി.ആര്‍.പി.എഫിന്റെ വിശദീകരണം.
സിആര്‍പിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് കേന്ദ്രസേനയുടെ ആവശ്യം. ഇതുസംബന്ധിച്ച് സി.ആര്‍.പി.എഫ്. ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. പള്ളി സി.ആര്‍.പി.എഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാരും അപ്പീല്‍ നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ജനുവരി എട്ടിന് മുന്‍പ് ജില്ലാ കളക്ടര്‍ പള്ളി ഏറ്റെടുത്തില്ലെങ്കില്‍ സി.ആര്‍.പി.എഫിനെ ഉപയോഗിക്കാനായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സി.ആര്‍.പി.എഫിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണം. സി.ആര്‍.പി.എഫ്. പളളിപ്പുറം ക്യാമ്പിനാകും ചുമതല. കോടതിയുത്തരവ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സി.ആര്‍.പി.എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.