ന്യൂഡൽഹി : കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി യാക്കോബായ വിശ്വാസികൾ പിൻവലിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന യാക്കോബായ വിശ്വാസികളുടെ ആവശ്യം ജസ്റ്റിസുമാരായ നവീൻ സിൻഹ, ആർ സുബാഷ് റെഡ്ഡി എന്നിവർ അടങ്ങിയ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
പള്ളി ഏറ്റെടുക്കണമെന്ന് മാർച്ച് മാസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്തായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇന്ന് കേസ് പരിഗണനയ്ക്കെടുത്തപ്പോൾ അപ്പീൽ പിൻവലിക്കാൻ ഹർജിക്കാർ നിർദേശിച്ചതായി അവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എ. രഘുനാഥ് കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകിയത്. മലങ്കര ഓർത്തഡോക്സ് സഭക്കു വേണ്ടി അഭിഭാഷകരായ സി.യു. സിങ്, ഇ.എം. സദ്റുൾ അനാം എന്നിവർ ഹാജരായി.