റാന്നി: കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതിനാൽ , കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റി വെച്ചു. ഇനി തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസ് പ്രവർത്തകർ വിട്ടു നിന്നതിനാൽ കോറം തികയാത്തതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്. തിങ്കളാഴ്ച ഇനി കോറം തികഞ്ഞില്ലെങ്കിലും പങ്കെടുക്കുന്ന അംഗങ്ങളിൽ ഭൂരിപക്ഷം കിട്ടുന്ന ആളെ പ്രസിഡൻ്റായി തിരഞ്ഞെടുക്കും.
തിരെഞ്ഞടുപ്പിൽ മൂന്ന് ഇടതുമുന്നണി അംഗങ്ങളും മൂന്ന് ബി.ജെ.പി അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. 13 അംഗ ഭരണ സമിതിയിൽ കോൺഗ്രസിന് ഏഴംഗങ്ങളുണ്ട്. ഇവർ വിട്ടുനിന്നതോടെ പകുതി അംഗങ്ങളില്ലാത്തതിനാലാണ് കോറം തികയാത്തത്. തുടർന്ന് വരണാധികാരി മല്ലപ്പള്ളി അസിസ്റ്റന്റ് റജിസ്ട്രാർ(ജനറൽ) സി.ടി.സാബു തിരഞ്ഞെടുപ്പ് തൊട്ടടുത്ത പ്രവൃത്തി ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചതായി അറിയിച്ചു.
നിലവിലെ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം വനിത പട്ടികജാതി സംവരണമാണ്. കോൺഗ്രസിൽ വനിത പട്ടികജാതി സംവരണ വിഭാഗത്തിൽ അംഗങ്ങൾ ഇല്ലാത്തതിനാലാണ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്നു വിട്ടു നിന്നത്. നേരത്തെ ഇവർ സി.പി.എം.അംഗത്തെ പിന്തുണയ്ക്കുകയായിരുന്നു. അഭിപ്രായ ഭിന്നതയെ തുടർന്ന് അവിശ്വാസത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കിയതിനാലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.