കോട്ടാങ്ങല്‍: ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ അടവി, പള്ളിപാന, കോലം തുള്ളൽ, അടവി പുഴുക്ക് നടന്നതോടെ ഇന്ന് കുളത്തൂർക്കരക്കാരുടെ വലിയ പടയണി നടക്കും
ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന മഹാ ഘോഷയാത്രയും വേലയും വിളക്കും ക്ഷേത്രത്തിൽ എത്തിച്ചേരുകയും, തുടർന്ന് 8 മണിക്ക് തിരുമുൻപിൽ വേല ആരംഭിക്കും. സർവ്വാഭരണ വിഭൂഷിതർ ആയി വാളും പരിചയും ഏന്തി, തപ്പു, ചെണ്ട, കൈ മണി എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടികൾ നടത്തുന്ന വേലകളി ജഗദംബികയായ കോട്ടാങ്ങൽ അമ്മക്ക് ഏറ്റവും ഇഷ്ടപെട്ട ചടങ്ങ് എന്ന് കരക്കാർ വിശ്വസിക്കുന്നു.
കരയുടെ വിവിധ പ്രദേശങ്ങളിൽപ്പെട്ട കൊച്ചു കുരുന്നുകൾ തദേശീയരായ ആശാന്മാരുടെ കീഴിൽ അഭ്യസിച്ചു തുള്ളുന്നു എന്നത് സവിശേഷതയാണ്. തുടർന്ന് തിരുമുൻപിൽ പറ നടക്കുന്നു. രാത്രി പന്ത്രണ്ടരയോടെ വലിയ പടയണി ചടങ്ങുകൾ ആരംഭിക്കും. ദേവിയുടെ രൂപം അനുസ്മരിപ്പിച്ചു കളത്തിൽ എത്തുന്ന ഭൈരവി കോലങ്ങൾ കാണികളിൽ ഭക്തി പരവശത സൃഷ്ടിക്കുന്നു. തുടർന്ന് യക്ഷി, അരക്കി യക്ഷി, പക്ഷി, മറുത, കൂട്ട മറുത, കാലൻ എന്നീ കോലങ്ങൾ, വിനോദങ്ങൾ എന്നിവ കളത്തിൽ എത്തുന്നു. മഹാ മൃത്യുഞ്ജയ ഹോമത്തിനു തുല്യമായ കാലൻ കോലം പുലർച്ചെ നാലു മണിയോടെ കളത്തിൽ എത്തുന്നു. കുളത്തൂർ കരയുടെ വലിയ പടയണി ചടങ്ങുകൾ തീരുന്നതോടെ കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുന്നു. നാളെ കോട്ടാങ്ങൽ കരയുടെ വലിയ പടയണി നടക്കും.





























