മാവേലിക്കര : ചാരുംമൂട് കരിങ്ങാലിച്ചാലില്‍ കൊട്ടവഞ്ചി സവാരിക്ക് തുടക്കം. കൊട്ടവഞ്ചിയിലൂടെ സവാരി ചെയ്ത് പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഇനി ആലപ്പുഴക്കാര്‍ ദൂരെയെങ്ങും ചുറ്റിക്കറങ്ങണമെന്നില്ല. നേരെ വണ്ടി പാലമേല്‍ കരിങ്ങാലിച്ചാല്‍ പുഞ്ചയിലേക്ക് വിട്ടാല്‍മതി. കാവും കുളങ്ങളും പാടങ്ങളും തിങ്ങിനിറഞ്ഞ പ്രകൃതിരമണീയ കാഴ്ചകള്‍ കണ്ടശേഷം കരിങ്ങാലിച്ചാല്‍ പുഞ്ചയിലൂടെ ഒരു കൊട്ടവഞ്ചി സവാരിയും നടത്തി മനം നിറഞ്ഞ് തിരികെ പോകാം.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വില്ലേജ് ടൂറിസം പ്രദേശമായ നൂറനാട് പാലമേല്‍ കരിങ്ങാലിച്ചാല്‍ പുഞ്ചയില്‍ പാലമേല്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ശാന്തിഗിരി വില്ലേജ് ടൂറിസം സെന്റര്‍ എന്ന സ്വകാര്യ കൂട്ടായ്മയാണ് കൊട്ടവഞ്ചി സവാരി ഒരുക്കിയിരിക്കുന്നത്. കൊട്ടവഞ്ചി സവാരി, പെഡല്‍ ബോട്ടിംഗ്, ഫൈബര്‍ വള്ളം എന്നിവയില്‍ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. പുഞ്ചയുടെ ഓരത്ത് സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടങ്ങളും ലഘു ഭക്ഷണശാലയും സുരക്ഷാഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൊട്ടവഞ്ചി സവാരിക്ക് ചെറിയ ഫീസ് ഈടാക്കുന്നുണ്ട്.